സ്റ്റുവർട്ട് ബ്രോഡിന് രാജകീയ വിട വാങ്ങൽ
അവസാന മത്സരം അവിസ്മരണീയമാക്കി പടിയിറങ്ങുകയാണ് സ്റ്റുവർട് ബ്രോഡ്. കരിയറിൽ ഇത്രയേറെ കയറ്റവും ഇറക്കവും ഉണ്ടായിട്ടുള്ള ക്രിക്കറ്റർമാർ അപൂർവ്വം തന്നെ എന്ന് പറയാം. ഒരിക്കൽ യുവരാജ് സിംഗ് ഓരോവറിലെ ആറ് പന്തും ഗാലറിയിലേക്ക് പറത്തിയപ്പോൾ അയാൾ നിരാശനായിരുന്നു. പക്ഷെ രൂക്ഷമായ വിമർശനങ്ങൾക്ക് മുന്നിൽ അയാൾ തളർന്നില്ല. സ്റ്റുവർട്ട് ബ്രോഡ് വീണ്ടും ഇംഗ്ലണ്ടിനായി പന്തെറിഞ്ഞു. ഇപ്പോൾ അയാൾ വിട പറയുന്നത് ചരിത്രം കുറിച്ചാണ്. നാണക്കേടിന്റെ കഥ അയാൾ മായ്ച്ചെഴുതുകയാണ്.. 604 ടെസ്റ്റ് വിക്കറ്റുകളുമായി ഇംഗ്ലീഷ് ക്രിക്കറ്റിലെ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന രണ്ടാമത്തെ ബൗളറാണ് ബ്രോഡ്. ഏകദിനത്തിൽ അയാൾ 178 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്. ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന ബൗളർമാരിൽ നാലാമത്തെ സ്ഥാനം. ടി 20 യിൽ 65 വിക്കറ്റുകളുമായി അഞ്ചാം സ്ഥാനം. 344 അന്താരാഷ്ട്ര മത്സരങ്ങയിൽ നിന്നും 847 വിക്കറ്റുകൾ. ലോക ബൗളർമാർക്കിടയിൽ ഏഴാം സ്ഥാനത്താണ് ബ്രോഡ്. ബാറ്റിങ്ങിലും ബ്രോഡ് മോശമല്ല, ടെസ്റ്റ് ക്രിക്കറ്റിൽ ഒരു സെഞ്ച്വറിയും 13 അർദ്ധ സെഞ്ച്വറികളും അയാൾ നേടിയിട്ടുണ്ട്.
ആഷസ് സീരീസിലെ അഞ്ചാമത്തേ ടെസ്റ്റിൽ ഓസ്ട്രേലിയയുടെ അവസാനത്തെ രണ്ട് വിക്കറ്റും ബ്രോഡ് ആണ് നേടിയത്. 8 വിക്കറ്റ് നഷ്ടമായ അവസരത്തിൽ ബ്രോഡ് ബൗൾ ചെയ്യാനെത്തുമ്പോൾ അയാൾ സ്റ്റമ്പിന്റെ മേലെയുള്ള ബെയ്ൽസിൽ ഒന്ന് തൊട്ടിരുന്നു. വിക്കറ്റ് കീപ്പർ ബെയർസ്റ്റോയും, ക്യാപ്റ്റൻ ബെൻ സ്റ്റോക്സും അത് കണ്ട് ചിരിക്കുന്നുണ്ടായിരുന്നു. കാരണം അവർക്കറിയാം, നേരത്തെയും പല മത്സരങ്ങളിലും ബ്രോഡ് ഇങ്ങനെ ചെയ്തിട്ടുള്ളതും, വിക്കറ്റ് വീഴ്ത്തിയതും.. ഇവിടെയും അത് തന്നെ സംഭവിച്ചു. ശേഷിച്ച രണ്ട് വിക്കറ്റുകളും നേടി ബ്രോഡ് ഇംഗ്ലണ്ടിന് വിജയം സമ്മാനിച്ചു, അതോടെ പരമ്പര സമനിലയിലുമായി. മികച്ച ഫോമിൽ കളിച്ചിരുന്ന അലക്സ് കാരിയെ വിക്കറ്റ് കീപ്പറുടെ കൈകളിലേക്കെത്തിച്ച്, സ്റ്റുവർട്ട് ബ്രോഡ് വിജയം ആഘോഷിക്കുമ്പോൾ കാണികൾ ഒന്നടങ്കം എഴുന്നേറ്റ് നിന്ന് കയ്യടിക്കുകയായിരുന്നു. ഇംഗ്ലണ്ട് ജയിച്ചതിന് മാത്രമല്ല ആ കരഘോഷങ്ങൾ.. വിട വാങ്ങുന്ന സ്റ്റുവർട്ട് ബ്രോഡിനോടുള്ള ആദരവ് കൂടിയാണ് അവർ അറിയിച്ചത്. ക്രിക്കറ്റ് ചരിത്രത്തിൽ സമാനതകളില്ലാത്ത ഒരു പ്രകടനം കാഴ്ച്ച വെച്ചാണ് ബ്രോഡ് വിട പറയുന്നത്. തൻറെ അന്താരാഷ്ട്ര ക്രിക്കറ്റ് കരിയറിലെ നേരിട്ട അവസാന പന്ത് അയാൾ സിക്സ് അടിച്ചിരുന്നു. എറിഞ്ഞ അവസാന പന്തിൽ അയാൾ വിക്കറ്റും നേടിയിരുന്നു. മറ്റൊരു ക്രിക്കറ്റർക്കും ഇന്നേവരെ അവകാശപ്പെടാനില്ലാത്ത പുതിയൊരു റെക്കോർഡ് … അയാൾ അർഹിക്കുന്നത് പോലെയുള്ള ഒരു ഡ്രീം റിട്ടയർമെന്റ്… സ്റ്റുവർട്ട് ബ്രോഡ് ക്രിക്കറ്റ് അപ്പാടെ ഉപേക്ഷിക്കുന്നില്ല. അയാൾ ഇനിയും സ്റേഡിയങ്ങളിൽ സജീവ സാന്നിദ്ധ്യമാകും. സ്കൈ സ്പോർട്സ് ചാനലിൽ വിശകലനങ്ങളും ചർച്ചകളുമായി പുതിയൊരു ബ്രോഡിനെ നമുക്ക് ഇനി കാണാം..