വിഘ്നേഷിനെ ചേർത്ത് പിടിച്ച് സൂര്യയും ധോണിയും; ഐപിഎല്ലിൽ പുത്തൻ താരോദയം

ഐപിഎല്ലില്‍ സ്വപ്ന തുല്യമായ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് മലയാളി താരം വിഘ്നേഷ് പുത്തൂര്‍. രോഹിത് ശര്‍മയ്ക്ക് പകരം മുംബൈ ഇന്ത്യന്‍സിന്റെ ഇമ്പാക്ട് പ്ലയെര്‍ ആയി ഇറങ്ങിയ താരം മിന്നും പ്രകടനമാണ് നടത്തിയത്. ചെന്നൈ ക്യാപ്റ്റൻ റിതുരാജ് ഗെയ്ക്വാദിനെയും അപകടകാരിയായ ശിവം ദുബെയെയും ദീപക് ഹൂഡയെയും വീഴ്ത്തിയാണ് വിഘ്നേഷ് മലയാളികളുടെ അഭിമാനമായി മാറിയിരിക്കുന്നത്. നാലോവര്‍ എറിഞ്ഞ വിഘ്നേഷ് 32 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് നേടി.
കേരള സംസ്ഥാന സീനിയര്‍ ടീമിന് വേണ്ടി പോലും കളിക്കാത്ത, അത്രക്ക് അറിയപ്പെടാത്ത ഒരു താരത്തെ മുംബൈ ടീമിലെടുത്തപ്പോള്‍ അത്ഭുതപ്പെട്ടവര്‍ക്കുള്ള മറുപടി കൂടിയായിരുന്നു ഈ പ്രകടനം. ലെഫ്റ്റ് ആം അണ് ഓര്‍ത്തഡോക്സ് ചൈനമാന്‍ ബോളറാണ് വിഘ്നേഷ്. അടിസ്ഥാന വിലയായ 30 ലക്ഷം രൂപയ്ക്കാണ് മുംബൈ ഇന്ത്യന്‍സ് ടീമിലെത്തിച്ചത്.
കേരള ക്രിക്കറ്റ് ലീഗ് ടി20 ടൂര്‍ണമെന്റിന്റെ ആദ്യത്തെ സീസണിലാണ് വിഘ്നേഷിന്റെ കഴിവ് പുറംലോകം കണ്ടത്. ഈ വര്‍ഷം നടന്ന കെസിഎല്ലില്‍ ആലപ്പി റിപ്പിള്‍സിന്റെ താരമായിരുന്ന വിഗ്നേഷിനെ അതോടെ മുംബൈ ട്രയല്‍സിന് ക്ഷണിച്ചിരുന്നു.

തവണ 12 മലയാളി താരങ്ങളുടെ പേരാണ് ഐപിഎല്‍ താര ലേലത്തിലേക്ക് എത്തിയത്. എന്നാല്‍ അതില്‍ ഭാഗ്യം തുണച്ചത് മൂന്ന് പേരെ മാത്രം. സച്ചിന് ബേബിക്കും വിഷ്ണു വിനോദിനും പിന്നിലായി ഒരു സര്‍പ്രൈസ് എന്‍ട്രി ആയി വിഘ്നേഷ് പുത്തൂര്‍ കടന്നുവന്നു.
അടിസ്ഥാന വിലയായ 30 ലക്ഷം രൂപയ്ക്കാണ് വിഘ്നേഷിനെ മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കിയത്. ഓട്ടോഡ്രൈവറായ സുനില്‍ കുമാറിന്റേയും ബിന്ദുവിന്റേയും മകനാണ് വിഘ്നേഷ്. കേരളത്തിനായി അണ്ടര്‍ 14, 19, 23 എന്നിങ്ങനെയുള്ള വിഭാഗങ്ങളില്‍ വിഘ്നേഷ് കളിച്ചിട്ടുണ്ട്. എന്നാല്‍ കേരള സീനിയര്‍ ടീമിലേക്ക് ഇതുവരെ വിഘ്നേഷിന് വിളിയെത്തിയിട്ടില്ല.
ഈ വർഷം തുടക്കത്തിൽ, ദക്ഷിണാഫ്രിക്കയിലെ SA20 ടൂർണമെന്റിൽ MI കേപ് ടൗണിന്റെ നെറ്റ് ബൗളറായും സേവനം അനുഷ്ഠിച്ചു. ആ അനുഭവ സമ്പത്തും ഇന്നലെ താരത്തിന് തുണയായി മാറി. ഫീൽഡിങ്ങിലും മികച്ച പ്രകടനമാണ് വിഘ്നേഷ് നടത്തിയത്.
കൈവിട്ട ഒരു മത്സരം കുറച്ച് സമയത്തേക്ക് മുംബൈക്ക് അനുകൂലമാക്കിയത് വിഘേഷിന്റെ ബൗളിംഗ് തന്നെയാണ്. മത്സരത്തിന് ശേഷം ധോണി വിഘ്നേശിനെ അഭിനന്ദിക്കുന്ന കാഴ്ചയാണ് ഇന്നലത്തെ ഏറ്റവും മനോഹരമായ ദൃശ്യം. മുംബൈയുടെ ഇന്നലത്തെ ക്യാപ്റ്റൻ സൂര്യകുമാർ യാദവും നല്ല സപ്പോർട്ട് ആണ് താരത്തിന് നൽകിയത്. അഹ്റക്ക് സ്നേഹത്തോടെയാണ് ഓരോ തവണയും അദ്ദേഹം വിഘ്നേശിനെ ചേർത്ത് പിടിച്ചത്.
ഐപിഎല്ലിൽ മുംബൈ പോലൊരു ടീമിൽ എത്തപ്പെട്ടതും വിഘ്നേഷിന്റെ ഭാഗ്യം എന്ന് തന്നെ പറയാം. ഒരുപാട് ചെറിയ താരങ്ങളെ കണ്ടെത്തി, അവരുടെ പ്രതിഭയെ തേച്ച് മിനുക്കി സൂപ്പർ താരങ്ങളാക്കിയ ടീമാണ് മുംബൈ ഇന്ത്യൻസ്. കഷ്ടപ്പാടുകൾ നന്നായി അറിഞ്ഞ് വളർന്ന വന്ന ഒരാളാണ് അവരുടെ ക്യാപ്റ്റൻ ഹർദിക് പാണ്ട്യയും. ബേസിക് പ്രൈസിന് മുംബൈ എടുത്ത ഹർദിക്കിന്, പിന്നീടുള്ള സീസണുകളിൽ ലഭിച്ചത് കോടികളാണ്. വിഘ്നേഷിന്റെ കാര്യത്തിലും അത് തന്നെയാകും ഉണ്ടാകുന്നത്. മെച്ചപ്പെട്ട പ്രകടനം ആണെങ്കിൽ അടുത്ത സീസണിൽ കോടികൾ വരുന്ന താരമാകും മലയാളികളുടെ വിഘ്നേഷ് പുത്തൂർ.