ടി20 ലോകകപ്പ്: ചരിത്രം കുറിച്ച് അഫ്ഗാനിസ്ഥാന് സെമിയില്‍; ഓസ്ട്രേലിയ പുറത്ത്
ട്വന്റി-20 ലോകകപ്പിലെ നിര്‍ണായകമായ സൂപ്പര്‍ എട്ട് മത്സരത്തില്‍ ബംഗ്ലാദേശിനെ തകര്‍ത്ത് അഫ്ഗാനിസ്ഥാന് സെമിഫൈനലില്‍. എട്ട് റണ്‍സിനാണ് അഫ്ഗാനിസ്ഥാന് വിജയിച്ചത്.
ചരിത്രത്തിലാദ്യമായാണ് അഫ്ഗാനിസ്ഥാന് ടി20 ലോകകപ്പിന്റെ സെമിയിലെത്തുന്നത്. ഇതോടെ മുന്‍ ചാമ്ബ്യന്മാരായ ഓസ്ട്രേലിയ പുറത്തായി.
അഫ്ഗാനിസ്ഥാന് ഉയര്‍ത്തിയ 114 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശ് 105 റണ്‍സില്‍ ഓള്‍ഔട്ടായി. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന് 115 റണ്‍സ് എടുത്തെങ്കിലും മഴയെത്തുടര്‍ന്ന് ലക്ഷ്യം 114 ആയി നിശ്ചയിച്ചു. 54 റണ്‍സുമായി ലിറ്റണ്‍ ദാസ് പുറത്താകാതെ നിന്നെങ്കിലും മറ്റാര്‍ക്കും പിന്തുണ നല്‍കാനായില്ല.
നാല് വിക്കറ്റുകള്‍ വീതം നേടിയ റാഷിദ് ഖാനും നവീന്‍ ഉള് ഫഖും ആണ് ബംഗ്ലാദേശിന്റെ വിജയം തടഞ്ഞത്. ഫസല്‍ഹഖ് ഫറൂഖിയും ഗുല്‍ബാദിന്‍ നായ്ബും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.അഫ്ഗാനിസ്ഥാന് 43 റണ്‍സെടുത്ത റഹ്മാനുള്ള ഗുര്‍ബാസിന്റെ മികവിലാണ് 115 റണ്‍സെടുത്തത്. സെമിഫൈനലില്‍ ദക്ഷിണാഫ്രിക്കയാണ് അഫ്ഗാനിസ്ഥാന്റെ എതിരാളി.