ചരിത്രം തിരുത്തി കിവിസ്; ഇന്ത്യൻ മണ്ണില്‍ 8 വിക്കറ്റ് വിജയം.
ഇന്ത്യയ്ക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തില്‍ ഒരു ചരിത്രവിജയം സ്വന്തമാക്കി ന്യൂസിലാൻഡ്. 36 വർഷങ്ങള്‍ക്ക് ശേഷമാണ് ന്യൂസിലാൻഡ് ഇന്ത്യൻ മണ്ണില്‍ ഒരു വിജയം സ്വന്തമാക്കുന്നത്.
1988- 89 പരമ്ബരയില്‍ ആയിരുന്നു അവസാനമായി ഇന്ത്യൻ മണ്ണില്‍ ന്യൂസിലാൻഡ് വിജയം നേടിയത്. ഇതിന് ശേഷമാണ് ബാംഗ്ലൂർ ടെസ്റ്റില്‍ 8 വിക്കറ്റിന്റെ വിജയം ന്യൂസിലാൻഡ് സ്വന്തമാക്കിയിരിക്കുന്നത്. ആദ്യ ഇന്നിങ്സിലെ മികച്ച ബാറ്റിംഗ്- ബോളിംഗ് പ്രകടനങ്ങളാണ് മത്സരത്തില്‍ ന്യൂസിലാൻഡിനെ വിജയത്തിലെത്തിച്ചത്. ന്യൂസിലാൻഡിനായി രചിൻ രവീന്ദ്ര 2 ഇന്നിങ്സിലും മികച്ച പ്രകടനങ്ങള്‍ തന്നെ പുറത്തെടുത്തു.
മത്സരത്തിന്റെ അവസാന ദിവസം 17 റണ്‍സ് ആയിരുന്നു ന്യൂസിലാൻഡിന് വിജയിക്കാൻ ആവശ്യം. ഒരു വമ്ബൻ ബോളിംഗ് പ്രകടനത്തോടെയാണ് ഇന്ത്യ അഞ്ചാം ദിവസം ആരംഭിച്ചത്. തുടക്കത്തില്‍ തന്നെ ന്യൂസിലാൻഡിന്റെ നായകൻ ടോം ലാദമിനെ പുറത്താക്കാൻ ബൂമ്രയ്ക്ക് സാധിച്ചു.
എന്നാല്‍ പിന്നീട് ഇന്ത്യൻ ബോളർമാർക്കെതിരെ ഡെവൻ കോണ്‍വെയും വില്യം യങ്ങും പ്രതിരോധം തീർക്കുകയായിരുന്നു. രണ്ടാം വിക്കറ്റില്‍ 35 റണ്‍സ് ഇരുവരും ചേർന്ന് കെട്ടിപ്പടുത്തു. എന്നാല്‍ പിന്നീട് ബൂമ്ര കോണ്‍വെയെയും സ്റ്റമ്ബിന് മുൻപില് കുടുക്കുകയായിരുന്നു. ഇതോടെ ഇന്ത്യൻ പ്രതീക്ഷകള്‍ അല്പം വർദ്ധിച്ചു.
എന്നാല്‍ പിന്നീട് ക്രീസിലെത്തിയ രചിൻ രവീന്ദ്ര യങ്ങിനൊപ്പം ഇന്ത്യക്കെതിരെ ആക്രമണം അഴിച്ചുവിട്ടു. ജഡേജയില്‍ നിന്നുണ്ടായ മോശം പന്തുകളൊക്കെയും രവീന്ദ്ര ആക്രമിക്കുകയുണ്ടായി. മാത്രമല്ല ഇന്ത്യൻ ബോളിങ് നിരയില്‍ ഒരു പേസ് ബോളറുടെ അഭാവം മത്സരത്തിന്റെ രണ്ടാം ഇന്നിങ്സില്‍ കൃത്യമായി പ്രതിഫലിച്ചു. തങ്ങള്‍ക്ക് ലഭിച്ച അവസരങ്ങള്‍ ഒക്കെയും നന്നായി വിനിയോഗിച്ച് കിവികള്‍ വിജയത്തിനടുത്തേക്ക് എത്തുകയായിരുന്നു. ന്യൂസിലാൻഡിനായി രണ്ടാം ഇന്നിങ്സില്‍ രചിൻ രവീന്ദ്ര 39 റണ്‍സും യങ് 45 റണ്‍സും സ്വന്തമാക്കുകയുണ്ടായി.
മത്സരത്തിന്റെ ആദ്യ ഇന്നിങ്സിലെ മോശം ബാറ്റിംഗ് പ്രകടനമാണ് ഇന്ത്യയുടെ പരാജയത്തില്‍ പ്രധാന പങ്കുവഹിച്ചത്. ആദ്യ ഇന്നിങ്സില്‍ കേവലം 46 റണ്‍സ് മാത്രമാണ് ഇന്ത്യക്ക് നേടാൻ സാധിച്ചത്. എന്നാല്‍ രണ്ടാം ഇന്നിങ്സില്‍ സെഞ്ച്വറി നേടിയ സർഫറാസ് ഖാന്റെ മികവില്‍ ഇന്ത്യ തരക്കേടില്ലാത്ത ബാറ്റിംഗ് പ്രകടനം പുറത്തെടുത്തിരുന്നു. പക്ഷേ ഇന്നിംഗ്സിന്റെ അവസാനം ഉണ്ടായ ദുരന്തം ഇന്ത്യയെ പിന്നോട്ടടിച്ചു. ആദ്യ മത്സരത്തിലെ ഈ പരാജയം ഇന്ത്യയെ വലിയ രീതിയില്‍ ബാധിക്കും എന്നത് ഉറപ്പാണ്.