കാത്തിരിപ്പ് അവസാനിച്ചു; സര്‍ഫറാസ് ഖാന് ഇന്ത്യയ്ക്കായി അരങ്ങേറി
നീണ്ട കാത്തിരിപ്പിനൊടുവില്‍ സര്‍ഫറാസ് ഖാന് ടീം ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചു. കെ എല്‍ രാഹുല്‍ പരിക്കേറ്റ് പുറത്തായതോടെയാണ് മൂന്നാം ടെസ്റ്റില്‍ അരങ്ങേറാന്‍ സര്‍ഫറാസ് ഖാന് അവസരമൊരുങ്ങിയത്.
രഞ്ജി ട്രോഫിയില്‍ കഴിഞ്ഞ മൂന്ന് സീസണുകളില്‍ വിസ്മയ പ്രകടനം പുറത്തെടുത്തിട്ടും സര്‍ഫറാസിന് ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്കുള്ള വിളി വൈകുകയായിരുന്നു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്ബരയില്‍ ക്ഷണം കിട്ടിയിട്ടും 26 വയസുകാരനായ താരത്തിന് മൂന്നാം ടെസ്റ്റ് വരെ കാത്തിരിക്കേണ്ടിവന്നു. അതുകൊണ്ടുതന്നെ സര്‍ഫറാസ് ഖാന്റെ ടെസ്റ്റ് അരങ്ങേറ്റം വൈകാരികമായി.
സര്‍ഫറാസ് ഖാന്റെ ടെസ്റ്റ് അരങ്ങേറ്റം കാണാന്‍ കുടുംബാംഗങ്ങള്‍ ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റിന്റെ വേദിയായ രാജ്കോട്ടിലെ സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന് സ്റ്റേഡിയത്തില്‍ എത്തിയിരുന്നു. ഇന്ത്യന്‍ സ്പിന്‍ ഇതിഹാസം അനില്‍ കുംബ്ലെയാണ് സര്‍ഫറാസിന് ടെസ്റ്റ് ക്യാപ് സമ്മാനിച്ചത്. സ്വപ്ന നിമിഷങ്ങള്‍ കണ്ട് സര്‍ഫറാസിന്റെ പിതാവും താരത്തിന്റെ പരിശീലകനുമായ നൗഷാദ് ഖാന് വിതുമ്ബി. സര്‍ഫറാസിന്റെ ഇന്ത്യന്‍ തൊപ്പിയില്‍ നൗഷാദ് ചുംബിച്ച ശേഷം കണ്ണീരണിയുകയായിരുന്നു.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 66 ഇന്നിംഗ്സുകളില്‍ 69.85 ശരാശരിയില്‍ 14 സെഞ്ചുറികളും 11 അര്‍ധസെഞ്ചുറികളും സഹിതം 3912 റണ്‍സ് സര്‍ഫറാസിനുണ്ട്. പുറത്താവാതെ നേടിയ 301* ആണ് ഉയര്‍ന്ന സ്കോര്‍. രഞ്ജി ട്രോഫിയില്‍ കഴിഞ്ഞ മൂന്ന് സീസണിലും 100ലധികം ശരാശരി കണ്ടെത്തി. 2019-20 സീസണില്‍ മുംബൈക്കായി ആറ് മത്സരങ്ങളില്‍ 154.66 ശരാശരിയില്‍ 301, 226, 177 റണ്‍സ് ഇന്നിംഗ്സുകളോടെ ആകെ 928 റണ്‍സ് നേടിയപ്പോള്‍ മുതല്‍ സര്‍ഫറാസ് ഖാനെ ടെസ്റ്റ് ടീമിലെടുക്കണം എന്ന ആവശ്യം ശക്തമായിരുന്നു.