ആദ്യ ടി 20യിൽ വിന്ഡീസിന് നാലു റണ്സ് ജയം; ഇന്ത്യൻ ബാറ്റിംഗ് നിര തകർന്നു
ഇന്ത്യക്കെതിരായ ട്വന്റി 20 സീരീസിലെ ആദ്യ മത്സരത്തില് വെസ്റ്റ് ഇന്ഡീസിന് ജയം. ആവേശകരമായ മത്സരത്തില് നാലു റണ്സിനാണ് വിന്ഡീസ് ജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ആതിഥേയര് 20 ഓവറില് ആറു വിക്കറ്റ് നഷ്ടത്തില് 149 റണ്സെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് ഒന്പത് വിക്കറ്റിന് 145 റണ്സെടുക്കാനെ സാധിച്ചുള്ളൂ.
ടോസ് നേടിയ വെസ്റ്റിൻഡീസ് ബാറ്റിങിനിറങ്ങുകയായിരുന്നു. ഒരു വശത്ത് ബ്രണ്ടന് കിങ് മികച്ച തുടക്കമിട്ടപ്പോള്, കെയ്ല് മെയേഴ്സ് ഇത്തവണയും പരാജയപ്പെട്ടു. താരം ഒരു റണ്ണുമായി മടങ്ങി. പിന്നാലെ വന്ന ജോണ്സന് ചാള്സും ഉടനെ പുറത്തായി. പിന്നീട് നിക്കോളാസ് പുരന് ബ്രണ്ടന് കിങിനെ കൂട്ടുപിടിച്ച് ഇന്ത്യന് ബൗളിങിനെ ആക്രമിച്ചു തുടങ്ങി. അതിനിടെ കിങ് മടങ്ങി. താരം 19 പന്തില് നാല് ഫോറും ഒരു സിക്സും സഹിതം 28 റണ്സാണ് നേടിയത്. പിന്നീട് പുരനൊപ്പം ക്യാപ്റ്റന് റോവ്മന് പവല് പോരാട്ടം നയിച്ചു. സ്കോര് 96ല് നില്ക്കെ പുരന് പുറത്തായി. 34 പന്തില് രണ്ട് വീതം സിക്സും ഫോറും സഹിതം പുരന് 41റണ്സ് കണ്ടെത്തി. പിന്നാലെ വന്ന ഷിമ്രോണ് ഹെറ്റ്മെയര്ക്ക് പിടിച്ചു നില്ക്കാന് സാധിച്ചില്ല. താരം 10 റണ്സുമായി മടങ്ങി. നാല് റണ്സ് കൂടി ചേര്ത്ത് ക്യാപ്റ്റനും മടങ്ങി. പവല് 32 പന്തില് 48 റണ്സെടുത്ത് ടീമിന്റെ ടോപ് സ്കോററായി. താരം മൂന്ന് വീതം സിക്സും ഫോറും നേടി. റാമാരിയോ ഷെഫേര്ഡ് നാല് റണ്സുമായും ജേസൺ ഹോള്ഡര് ആറ് റണ്സുമായും പുറത്താകാതെ നിന്നു. ഇന്ത്യക്കായി യുസ്വേന്ദ്ര ചഹല്, അര്ഷ്ദീപ് സിങ് എന്നിവര് രണ്ട് വീതം വിക്കറ്റുകള് നേടി. ഹര്ദിക് പാണ്ഡ്യ, കുല്ദീപ് യാദവ് എന്നിവര് ഓരോ വിക്കറ്റെടുത്തു.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് നിശ്ചിത ഓവറില് ഒന്പത് വിക്കറ്റില് 145 റണ്സെടുക്കാനെ സാധിച്ചുള്ളൂ. അരങ്ങേറ്റ മത്സരം കളിച്ച തിലക് വര്മയാണ് ഇന്ത്യയുടെ ടോപ് സ്കോറര്. 22 പന്തില് മൂന്നു സിക്സും രണ്ടു ഫോറുമടക്കം 39 റണ്സെടുത്താണ് താരം പുറത്തായത്. ഇഷാന് കിഷന് – ആറ്, ശുഭ്മന് ഗില് മൂന്ന്, സൂര്യകുമാര് യാദവ് 21, ഹാര്ദിക് പാണ്ഡ്യ 19, സഞ്ജു സാംസണ് 12, അക്സര് പട്ടേല് 13, കുല്ദീപ് യാദവ് മൂന്ന്, അര്ഷ്ദീപ് സിങ് 11 എന്നിങ്ങനെയാണ് ഇന്ത്യൻ താരങ്ങളുടെ സ്കോർ. സൂര്യകുമാറിനെ ഉജ്ജ്വലമായ ക്യാച്ചിലൂടെയും, സഞ്ജുവിനെ റണ്ണൗട്ടിലൂടെയും പുറത്താക്കിയതാണ് വിൻഡീസിന്റെ വിജയം എളുപ്പമാക്കിയത്. രണ്ട് വിക്കറ്റുകൾ വീഴ്ത്തിയ ജേസൺ ഹോൾഡറാണ് കളിയിലെ താരം.