സഞ്ജു സാംസണ് എപ്പോള്‍ കേരളത്തിലെത്തും? ആരാധകര്‍ ‘വെയ്റ്റിങ്.
ടി20 ലോകകപ്പ് കിരീട നേട്ടത്തിന് ശേഷം ഇന്ത്യന്‍ താരങ്ങളെല്ലാം നാട്ടിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്.
ഡല്‍ഹിയില്‍ വിമാനമിറങ്ങി മുംബൈയില്‍ ഒരുക്കിയ റോഡ് ഷോയ്ക്കും വാംഖഡെയിലെ പ്രത്യേക ആഘോഷ പരിപാടികള്‍ക്കും ശേഷമാണ് ഇന്ത്യന്‍ താരങ്ങള്‍ നാട്ടിലേക്ക് മടങ്ങിയത്. ഇന്ത്യയുടെ ലോകകപ്പ് ചാമ്ബ്യന്മാര്ക്ക് വലിയ സ്വീകരണമാണ് ആരാധകര്‍ സ്വന്തം നാട്ടില്‍ ഒരുക്കിയിരിക്കുന്നത്. ഹൈദരാബാദില്‍ തിരിച്ചെത്തിയ മുഹമ്മദ് സിറാജിന് ആവേശോജ്ജ്വല സ്വീകരണമാണ് ജന്മനാട്ടില് ലഭിച്ചത്.
തുറന്ന ബസില്‍ സിറാജ് ആരാധകരെ അഭിവാദ്യം ചെയ്തുള്ള റോഡ് ഷോയടക്കം ഉണ്ടായിരുന്നു. മിക്ക താരങ്ങള്‍ക്കും വലിയ സ്വീകരണമാണ് ജന്മനാട്ടില് ലഭിച്ചിരിക്കുന്നത്. ലോകകപ്പ് ടീമിന്റെ ഭാഗമായ ഏക മലയാളി താരമായ സഞ്ജു സാംസണിന്റെ ജന്മനാട്ടിലേക്കുള്ള മടങ്ങിവരവ് കാത്തിരിക്കുകയാണ് ആരാധകര്‍. ഒരു മത്സരം പോലും കളിച്ചില്ലെങ്കിലും ടീമിലെ നിര്‍ണ്ണായക സാന്നിധ്യമായി സഞ്ജു സാംസണുണ്ടായിരുന്നു. ഇപ്പോള്‍ സഞ്ജു എന്ന് നാട്ടിലേക്ക് തിരിച്ചെത്തുമെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.
സഞ്ജു സാംസണിന് കേരളത്തില്‍ സ്വീകരണ പരിപാടിയുണ്ടോയെന്നും ആരാധകര്‍ ചോദിക്കുന്നു. എന്നാല്‍ സഞ്ജു കേരളത്തിലേക്കെത്താന്‍ വൈകും. കാരണം സിംബാബ് വെ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജു സാംസണും ഉള്‍പ്പെട്ടിട്ടുണ്ട്. ഇന്ത്യന്‍ ടീം വെസ്റ്റ് ഇന്‍ഡീസില്‍ കുടുങ്ങിയതുകൊണ്ട് ആദ്യത്തെ രണ്ട് മത്സരങ്ങളും സഞ്ജുവിന് നഷ്ടമാകും. മൂന്നാം മത്സരത്തിന് മുമ്ബ് ടീമിനൊപ്പം ചേരാനാണ് സഞ്ജുവിന് നിര്‍ദേശം ലഭിച്ചിരിക്കുന്നത്.
സഞ്ജുവിനൊപ്പം യശ്വസി ജയ്സ്വാളും റിങ്കു സിങ്ങുമുണ്ട്. ഈ മൂന്ന് പേരും മുംബൈയില്‍ നിന്ന് സിംബാബ് വെയിലേക്ക് പോകും. നാട്ടിലേക്ക് മടങ്ങിയെത്തുക പരമ്ബരക്ക് ശേഷമാവും. ഈ മാസം പകുതി കഴിയാതെ സഞ്ജുവിന് നാട്ടിലേക്ക് മടങ്ങിയെത്താന്‍ സാധിക്കില്ലെന്ന് പറയാം. സഞ്ജു സാംസണിനായി നിലവില്‍ പ്രത്യേക സ്വീകരണ പരിപാടിയൊന്നും തീരുമാനിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. കേരള ക്രിക്കറ്റ് അസോസിയേഷന്റേയും ആരാധകരുടേയും സ്വീകരണമുണ്ടാവും.
അല്ലാതെ വലിയൊരു സ്വീകരണ പരിപാടിയൊന്നും സംഘടിപ്പിക്കുന്നില്ല. ഈ മാസം 20ന് ശേഷമാവും സഞ്ജു മടങ്ങിയെത്തുകയെന്നതിനാല് ഇനിയൊരു ആഘോഷ പരിപാടിക്ക് വലിയ പ്രസക്തിയുമില്ല. ശ്രീശാന്തിന് ശേഷം ഇന്ത്യയുടെ ലോകകപ്പ് ടീമിലേക്ക് വിളി ലഭിച്ച താരമാണ് സഞ്ജു. കളിക്കാന്‍ അവസരം ലഭിച്ചില്ലെങ്കിലും വിശ്വകിരീടം നേടിയ ഇന്ത്യന്‍ ടീമിന്റെ ഭാഗമാവാന്‍ സഞ്ജുവിന് സാധിച്ചു. സഞ്ജുവിനെ സംബന്ധിച്ച് സിംബാബ് വെ പര്യടനം വളരെ നിര്‍ണ്ണായകമാണ്.
ശ്രീലങ്കന്‍ പരമ്ബരയും അടുത്ത വര്‍ഷം ആദ്യം ചാമ്ബ്യന്‍സ് ട്രോഫിയും നടക്കാന്‍ പോവുകയാണ്. ഇതില്‍ സീറ്റ് നേടാന്‍ തുടര്‍ച്ചയായി സഞ്ജു ഗംഭീര പ്രകടനം കാഴ്ചവെക്കേണ്ടതായുണ്ട്. സിംബാബ് വെക്കെതിരേ സഞ്ജുവിന് അവസാന മൂന്ന് മത്സരത്തിലും അവസരം ലഭിക്കുമെന്നുറപ്പാണ്. അതുകൊണ്ടുതന്നെ വമ്ബന്‍ പ്രകടനത്തോടെ കൈയടി നേടാനാവും സഞ്ജു ശ്രമിക്കുക. ടി20 ലോകകപ്പില്‍ അവസരം ലഭിക്കാത്തതിന്റെ ക്ഷീണം സഞ്ജുവിന് തീര്ക്കാനാവുമോയെന്നതാണ് കണ്ടറിയേണ്ടത്.
സഞ്ജു സാംസണിന്റെ അടുത്ത ലക്ഷ്യം ചാമ്ബ്യന്‍സ് ട്രോഫിയാണ്. ഏകദിന ഫോര്‍മാറ്റിലാണ് ചാമ്ബ്യന്‍സ് ട്രോഫി നടക്കുന്നത്. പാകിസ്താന് ആതിഥേയരാകുന്ന ചാമ്ബ്യന്‍സ് ട്രോഫിയില്‍ സഞ്ജു ഉള്‍പ്പെടാന്‍ സാധ്യത കൂടുതലാണ്. ഒന്നാം നമ്ബര്‍ വിക്കറ്റ് കീപ്പറായി ഇടം കൈയന്‍ താരം റിഷഭ് പന്ത് തുടര്‍ന്നേക്കും. കെ എല്‍ രാഹുല്‍ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തുമെന്നുറപ്പാണ്. ടി20 ലോകകപ്പില്‍ നിന്ന് തഴയപ്പെട്ട രാഹുല്‍ ഏകദിന ഫോര്‍മാറ്റില്‍ ടീമിലെ നിര്‍ണ്ണായക ഘടകമാണ്.
വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനാണ് രാഹുല്‍. അങ്ങനെ വരുമ്ബോള്‍ ബാക്കപ്പ് കീപ്പറായി രാഹുലിനെയാവും ഇന്ത്യ പരിഗണിക്കുക. സഞ്ജു സാംസണെ ഇന്ത്യ സ്പെഷ്യലിസ്റ്റ് കീപ്പറായി പരിഗണിക്കാന്‍ യാതൊരു സാധ്യതയുമില്ല. ഇന്ത്യന്‍ സെലക്ടര്‍മാരുടെ ശ്രദ്ധ നേടാന്‍ സഞ്ജുവിന് വരുന്ന മത്സരങ്ങളിലെല്ലാം ഗംഭീര പ്രകടനം കാഴ്ചവെക്കേണ്ടതായുണ്ട്.