റസ്റ്റ് ഓഫ് ഇന്ത്യയെ വീഴ്ത്തി; രഞ്ജിയ്ക്കു പിന്നാലെ വിദര്‍ഭയ്ക്ക് ഇറാനി കപ്പും

ഇറാനി കപ്പ് ക്രിക്കറ്റ് കിരീടവും ടം വിദര്‍ഭയ്ക്ക്. നിലവിലെ രഞ്ജി ചാംപ്യന്മാര് ഫൈനലില്‍ ഏറ്റവും കൂടുതല്‍ കിരീടം നേടിയ റസ്റ്റ് ഓഫ് ഇന്ത്യയെ വീഴ്ത്തിയാണ് മൂന്നാം ഇറാനി കപ്പ് സ്വന്തമാക്കിയത്. 93 റണ്‍സിന്റെ വിജയമാണ് വിദര്‍ഭ നേടിയത്. വിദര്‍ഭ ഉയര്‍ത്തിയ 361 റണ്‍സ് എന്ന വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ റസ്റ്റ് ഓഫ് ഇന്ത്യയുടെ പോരാട്ടം 267 റണ്‍സില്‍ അവസാനിച്ചു. തുടരെ രണ്ടാം സീസണിലാണ് റസ്റ്റ് ഓഫ് ഇന്ത്യ കിരീടം കൈവിടുന്നത്. കഴിഞ്ഞ തവണ മുംബൈയോടാണ് റസ്റ്റ് ഓഫ് ഇന്ത്യ പരാജയപ്പെട്ടത്.
ഒന്നാം ഇന്നിങ്സില്‍ 342 റണ്‍സ് എടുത്ത വിദര്‍ഭ, റസ്റ്റ് ഓഫ് ഇന്ത്യയുടെ പോരാട്ടം 214 റണ്‍സില്‍ അവസാനിപ്പിച്ച് 128 റണ്‍സിന്റെ നിര്‍ണായക ലീഡ് സ്വന്തമാക്കി. രണ്ടാം ഇന്നിങ്സില്‍ 232 റണ്‍സില്‍ പുറത്തായെങ്കിലും മികച്ച വിജയ ലക്ഷ്യം മുന്നില്‍ വയ്ക്കാന്‍ വിദര്‍ഭയ്ക്കു സാധിച്ചു.
ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ റസ്റ്റ് ഓഫ് ഇന്ത്യക്കായി യഷ് ധുല്‍ തിളങ്ങി. താരം 92 റണ്‍സ് കണ്ടെത്തി. വാലറ്റത്ത് പൊരുതി നിന്ന മാനവ് സുതര്‍ റസ്റ്റ് ഓഫ് ഇന്ത്യയുടെ തോല്‍വിഭാരം കുറച്ചു. 56 റണ്‍സാണ് മാനവ് അടിച്ചത്. കളി അവസാനിക്കുമ്പോള്‍ താരം പുറത്താകാതെ നിന്നു.