പ്ലേയർ ഓഫ് ദി മാച്ച് ആയിട്ടും സഞ്ജുവിനെ കുറ്റം പറയുന്നവർ: ഹാർദ്ദിക്കിനെയും അഭിഷേകിനെയും ഔട്ടാക്കിയത് സഞ്ജു???

ഏഷ്യാ കപ്പിൽ ഒമാനെതിരേ ഇടക്കൊന്ന് പേടിച്ച് പോയെങ്കിലും ഇന്ത്യ വിജയം കണ്ടെത്തി. അങ്ങനെ തുടർച്ചയായ മൂന്ന്നാമത്തെ മത്സരവും ജയിച്ചാണ് ഇന്ത്യ സൂപ്പർ ഫോറിലേക്ക് പോകുന്നത്. ടീമിൽ ഉണ്ടായിരുന്നെങ്കിലും ബാറ്റിങ്ങിന് അവസരം ലഭിക്കാതെ പോയ മലയാളി താരം സഞ്ജു സാംസണ് ഇന്നലെ ഏറെനേരം ബാറ്റ് ചെയ്യാനും സാധിച്ചിരുന്നു.
ഓപ്പണറായിരുന്ന സഞ്ജുവിനെ ഒമാനെതിരേ മൂന്നാം നമ്പറിലാണ് ഇന്ത്യ കളിപ്പിച്ചത്. ടോപ് ഓഡറിലെ തന്റെ മികവ് ഒരിക്കൽക്കൂടി തെളിയിക്കാൻ സഞ്ജുവിന് കഴിഞ്ഞു. 45 പന്തിൽ 56 റൺസെടുത്താണ് സഞ്ജു പുറത്തായത്.
മൂന്ന് വീതം സിക്സും ഫോറും നേടിയ സഞ്ജുവിൻറെ സ്ട്രൈക്ക് റേറ്റ് 124.44 ആയിരുന്നു. തുടക്കത്തിൽ പതറിപ്പോയ സഞ്ജു പതുക്കെയാണ് താളം കണ്ടെത്തിയത്. ഒട്ടേറെ മലയാളി ആരാധകർ ഇന്നലത്തെ സഞ്ജുവിന്റെ പ്രകടനത്തെ വാഴ്ത്തുമ്പോൾ, എതിരായി വിമർശനങ്ങളും ശക്തമാണ്. സാമൂഹ്യ മാധ്യമങ്ങളിൽ ചേരി തിരിഞ്ഞ്, തർക്കം നടക്കുകയാണ്.
ഇന്ത്യയുടെ ഓപ്പണർ അഭിഷേക് ശർമ 15 പന്തിൽ രണ്ട് സിക്സും അഞ്ച് ഫോറുമടക്കം 38 റൺസ് നേടിയാണ് പുറത്തായത്. 253 എന്ന സ്ട്രെെക്ക് റേറ്റിലാണ് അഭിഷേക് റൺസ് അടിച്ചത്. അഭിഷേക് ശർമ്മ പുറത്തായതിനും സഞ്ജുവിനെ ചിലർ പഴി ചാരുന്നുണ്ട്.
അഭിഷേകിന് പലപ്പോളും സ്ട്രെെക്ക് കെെമാറാതെ, എന്നാൽ സ്വയം റണ്ണുകൾ നേടാൻ കഴിയാതെ, സഞ്ജു സമ്മർദ്ദം സൃഷ്ടിച്ചുവെന്നും, അതോടെ കണ്ണും പൂട്ടി അടിക്കാൻ അഭിഷേക് ശ്രമിച്ചപ്പോൾ പുറത്തായി എന്നുമാണ് ആരോപണം. അഭിഷേക് തന്റെ സ്ഥിരം ശൈലിയിൽ തന്ന്നെയാണ് കളിച്ചത്. അയാൾക്ക് സഞ്ജു കാരണം യാതൊരു സമ്മർദ്ദവും ഉണ്ടായിട്ടില്ല.
പിന്നീട് സഞ്ജുവിന്റെ ഹേറ്റേഴ്സ് പറയുന്നത് ഹർദിക് പന്ധ്യയെ സഞ്ജു ഔട്ട് ആക്കി എന്നാണ്. സഞ്ജു ഒരു സ്ട്രൈയിറ്റ് ഷോട്ട് അടിക്കുന്നു. അത് ബൗളറുടെ കയ്യിൽ തട്ടി, നോൺ സ്ട്രൈക്കർ എൻഡിലെ സ്റ്റംപിൽ കൊള്ളുന്നു. ആ സമയത്ത് ഹർദിക് പാണ്ട്യ ക്രീസിന് പുറത്തായിരുന്നു. അങ്ങനെ റണ്ണൗട് ആകുന്നു. അത് ഹാർദിക്കിന്റെ മാത്രം അശ്രദ്ധയാണ്. എന്നാൽ ഇന്ത്യയുടെ ടോപ് ഓഡർ ബാറ്റിംഗ് തകർത്തത് സഞ്ജുവാണെന്നാണ് ഒരു വിഭാഗത്തിന്റെ ആരോപണം.
സഞ്ജു സാംസൺ കളിച്ചത് സെൽഫിഷ് ഇന്നിങ്സാണെന്നും ഇവർ വാദിക്കുന്നു. 45 പന്ത് നേരിട്ടാണ് സഞ്ജു 56 റൺസ് നേടിയത്. 45 പന്തിൽ 56 റൺസെന്നത് ടി20യിലെ ഒരു മികച്ച പ്രകടനമല്ല എന്നത് ശരി തന്ന്നെയാണ്. എന്നാൽ സാഹചര്യങ്ങൾ അനുസരിച്ച് വിലയിരുത്തുമ്പോൾ അതൊരു മികച്ച ഇന്നിങ്സാണ്.
പിച്ചിന്റെ സ്വഭാവം നോക്കുമ്പോൾ സഞ്ജുവിന്റെ പ്രകടനം ഗംഭീരമായിരുന്നു. റൺസ് കണ്ടെത്താൻ വളരെ പ്രയാസമുള്ള പിച്ചാണിത്. നല്ല സ്വിങ്ങും ടേണും പിച്ചിലുണ്ടായിരുന്നു. ഇന്ത്യയുടെ മറ്റ് പ്രധാന ബാറ്റ്സ്മാൻമാരെല്ലാം നിരാശപ്പെടുത്തി എന്നതും ഇതിന് തെളിവാണ്. സാഹചര്യം മനസിലാക്കി, ഈ പിച്ചിൽ പിടിച്ചുനിന്ന് ടീം സ്കോർ ഉയർത്തിയത് സഞ്ജുവിന്റെ മികവാണ്.
ഇന്ത്യ-ഒമാൻ മത്സരം നടന്ന അബുദാബിയിലെ ഹ്യുമിഡിറ്റിയും അതിഭീകരമായിരുന്നു. അത്തരമൊരു കാലാവസ്ഥയിൽ ബാറ്റിങ്ങ് ഒട്ടും എളുപ്പമല്ല.
അഭിഷേക് ശർമ്മയും അക്സർ പട്ടേലും തിലക് വർമ്മയും സഞ്ജുവിനേക്കാൾ മികച്ച സ്ട്രൈക്ക് റേറ്റിൽ ബാറ്റ് ചെയ്തെങ്കിലും അധിക സമയം ഗ്രൗണ്ടിൽ ഉണ്ടായിരുന്നില്ല. ഹ്യൂമിഡിറ്റി കൂടുതൽ ഉള്ള ഗ്രൗണ്ടുകൾ കളിക്കാരെ ശാരീരികമായി വല്ലാതെ തളർത്തിക്കളയും.
ഇവിടെ സഞ്ജു അല്ലാതെ 30 റൺസിൽ കൂടുതൽ അടിച്ചത് അഭിഷേക് ശർമ്മ മാത്രമാണ്. മത്സരത്തിലെ ഒരു തകർച്ച ഒഴിവാക്കിയതും, അതുവഴി ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചതും സഞ്ജുവാണ്. ഏഷ്യാകപ്പ് നടത്തുന്നവർക്ക് ആ ഇന്നിങ്സിന്റെ വില മനസ്സിലായത് കൊണ്ടാണ് പ്ലെയർ ഓഫ് ദ മാച്ച് അവാർഡ് അവർ സഞ്ജുവിന് കൊടുത്തത്.
അങ്ങനെ മത്സരത്തിലെ താരമായതോട് കൂടി മറ്റൊരു തകർപ്പൻ റെക്കോഡും സഞ്ജു സ്വന്തം പേരിൽ കുറിച്ചു. അന്താരാഷ്ട്ര ടി-20 ക്രിക്കറ്റിൽ മൂന്ന് തവണ പ്ലെയർ ഓഫ് ദി മാച്ചാകുന്ന ആദ്യ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്ററാകാൻ സഞ്ജുവിന് സാധിച്ചു.
നേരത്തെ ബംഗ്ലാദേശിനെതിരെയും ദക്ഷിണാഫ്രിക്കക്കെതിരെയും അദ്ദേഹം പ്ലെയർ ഓഫ് ദി മാച്ച് ആയിട്ടുണ്ട്. മറ്റൊരു ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ പോലും ഈ ഫോർമാറ്റിൽ മൂന്ന് തവണ പ്ലെയർ ഓഫ് ദി മാച്ച് പുരസ്കാരം നേടിയിട്ടില്ല. ദിനേഷ് കാർത്തിക്ക്, കെഎൽ രാഹുൽ, റിഷഭ് പന്ത്, ഇഷാൻ കിഷൻ, എന്നിവർ ഓരോ തവണ ഈ നേട്ടം സ്വന്തമാക്കിയപ്പോൾ ഇന്ത്യൻ മുൻ നായകൻ മഹേന്ദ്ര സിങ് ധോണി ഒരു തവണ പോലും ഇത് സ്വന്തമാക്കിയിട്ടില്ല എന്നതും സഞ്ജു ഹേറ്റേഴ്സ് പ്രത്യേകം ശ്രദ്ധിക്കണം.
സഞ്ജു സാംസൺ ഒരു ലോകോത്തര താരമൊന്നുമല്ല. പക്ഷെ ഇന്ത്യൻ ടീമിൽ അയാൾക്ക് ഇപ്പോളും ഒരു സ്ഥാനം അയാൾക്ക് കിട്ടുന്നു എങ്കിൽ, അത് അയാളുടെ കളിയിലെ മിടുക്ക് കൊണ്ട് മാത്രം കിട്ടിയതാണ്. ഇന്ത്യൻ ക്രിക്കറ്റിൽ ഒരു ഗോഡ്ഫാദർ ഇല്ലാത്ത സഞ്ജു, പ്രാദേശികമായ ക്വോട്ടകളിൽ പോലും ഉൾപ്പെടാത്ത ആളാണ്. സഞ്ജു തന്നെ പറഞ്ഞത് പോലെ അത് വിയർപ്പ് തുന്നിയിട്ട കുപ്പായമാണ്. ഇന്നലത്തെ കടുത്ത ഹ്യൂമിഡിറ്റിയിലും പോരാടി നേടിയ ആ അർധശതകത്തിന് ഒരു മത്സരം ജയിപ്പിക്കാനുള്ള ശക്തി ഉണ്ടായിരുന്നു എന്നത് അംഗീകരിച്ചേ മതിയാകൂ.