‘ഗോള്‍’ അടിപ്പിക്കാന്‍ സര്‍ക്കാര്‍; സംസ്ഥാനത്തെ ഏറ്റവും വലിയ ഫുട്ബോള്‍ പരിശീലന പരിപാടി ഒരുങ്ങുന്നു
സംസ്ഥാന സര്‍ക്കാരിന്റെ കീഴിലെ ഏറ്റവു വലിയ ഫുട്ബോള്‍ പരിശീലന പരിപാടി അണിയറയില്‍ ഒരുങ്ങുന്നു. കായിക യുവജനക്ഷേമ വകുപ്പിന്റെയും സ്പോര്‍ട്സ് കേരള ഫൗണ്ടേഷന്റെയും ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന ‘ഗോള്‍’ പദ്ധതിയിലൂടെയാണ് കുട്ടികള്‍ക്ക് ഫുട്ബോള്‍ പരിശീലനത്തിനുള്ള അവസരം ഒരുങ്ങുന്നത്. അഞ്ച് ലക്ഷത്തോളം കുട്ടികള്‍ക്ക് ശാസ്ത്രീയ പരിശീലനം നല്‍കാനാണ് പദ്ധതിയിലുടെ ലക്ഷ്യമിടുന്നത്. സംസ്ഥനത്ത് ആദ്യമായാണ് ഒരു പദ്ധതിയിലൂടെ ഒരേസമയം ഇത്രയധികം കുട്ടികള്‍ക്ക് ഫുട്ബോള്‍ പരിശീലനത്തിനുള്ള അവസരം ഒരുങ്ങുന്നത്.
2018ല്‍ കായിക വകുപ്പ് നടപ്പിലാക്കിയ ‘കിക്കോഫ്’ ഫുട്ബോള്‍ പരിശീലന പരിപാടിയില്‍ 600 കുട്ടികള്‍ക്കുള്ള പരിശീലനമായിരുന്നു ലക്ഷ്യമിട്ടിരുന്നത്. പദ്ധതിയാകട്ടെ ഒന്നര വര്‍ഷം കഴിഞ്ഞപ്പോള്‍ നിലച്ചുപോകുന്ന സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്. കിക്കോഫ് പദ്ധതിയില്‍ ഭാഗമായ കുട്ടികളേയും ‘ഗോള്‍’ പദ്ധതിയുടെ ഭാഗമാക്കും.
ഗോള്‍ പദ്ധതിയില്‍ കുട്ടികളെ പ്രായത്തിന്റെ അടിസ്ഥാനത്തില്‍ മൂന്ന് വിഭാഗമായി തിരിച്ചായിരിക്കും പരിശീലനം. അഞ്ചു വയസിനു താഴെയുള്ളവര്‍, 6 മുതല്‍ 11 വരെയുള്ളവര്‍, 12 വയസിനു മുകളിലുള്ളവര്‍ എന്നിങ്ങനെയാവും തരംതിരിക്കുക. പദ്ധതിയുടെ ഭാഗമായി പരിശീലകരെ കണ്ടെത്തുന്നതിനുള്ള അഭിമുഖം നടന്നുവരികയാണ്. അടുത്ത മാസത്തോടുകൂടി പദ്ധതി ആരംഭിക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍.
14 ജില്ലകളിലായി 33 കേന്ദ്രങ്ങളാണ് പരിശീലനത്തിനായി ആദ്യഘട്ടത്തില്‍ തയ്യാറാവുന്നത്. പരിശീലനത്തിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍, കുട്ടികള്‍ക്കുള്ള കിറ്റ് എന്നിവയും പദ്ധതിയുടെ ഭാഗമാണ്.
ഇന്ത്യയുടെ അണ്ടര്‍ 13,14,15 വിഭാഗങ്ങളിലേക്കും ഐ ലീഗ്, ഐ എസ് എല്‍ തലങ്ങളിലെ ക്ലബ് മത്സരങ്ങള്‍ക്കും ഉതകുന്ന തരത്തില്‍ യുവതാരങ്ങളെ വാര്ത്തെടുക്കുന്നതടക്കമുള്ള ലക്ഷ്യങ്ങളാണ് പദ്ധതി മുന്നോട്ട് വെയ്ക്കുന്നത്.
Content Highlight: Football Coaching Program, Goal Project, Kerala Government, Football Trials in Kerala