ബാഴ്സയെ വീഴ്ത്തി; ലാ ലീഗയിൽ അത്ലറ്റികോ ഒന്നാമത്
സ്പാനിഷ് ഫുട്ബോൾ ലാ ലീഗയിൽ ബാഴ്സലോണയെ വീഴ്ത്തി അത്ലറ്റികോ ഡി മാഡ്രിഡ് പോയിന്റ് ടേബിളിൽ ഒന്നാമത് എത്തി. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് അത്ലറ്റികോ ഡി മാഡ്രിഡിന്റെ വിജയം. മത്സരത്തിന്റെ 30-ാം മിനിറ്റിൽ ബാഴ്സ മുന്നിലെത്തി. പെഡ്രിയായിരുന്നു ഗോൾ നേടിയത്. ആദ്യ പകുതിയിൽ ഒരു ഗോളിന് മുന്നിൽ നിൽക്കാനും ബാഴ്സയ്ക്ക് കഴിഞ്ഞു.
എന്നാൽ രണ്ടാം പകുതിയിൽ അത്ലറ്റികോ ശക്തമായി തിരിച്ചുവന്നു. 60-ാം മിനിറ്റിൽ റോഡ്രിഗോ ഡി പോളിന്റെ ഗോളിലൂടെ അത്ലറ്റികോ സമനില പിടിച്ചു. പിന്നാലെ രണ്ടാം പകുതിയുടെ ഇഞ്ച്വറി ടൈമിൽ 96-ാം മിനിറ്റിലാണ് അത്ലറ്റികോയുടെ വിജയഗോൾ പിറന്നത്. അലെക്സാണ്ടര്‍ സൊര്‍ലോത്താണ് ഗോൾവല ചലിപ്പിച്ചത്.
ഈ വിജയത്തോടെ ലാ ലിഗ പോയിന്റ് ടേബിളിൽ ഒന്നാമതെത്താനും അത്ലറ്റികോ ഡി മാഡ്രിഡിന് കഴിഞ്ഞു. 18 മത്സരങ്ങളിൽ നിന്ന് 12 വിജയവും അഞ്ച് സമനിലയും ഒരു തോൽവിയും ഉൾപ്പെടെ 41 പോയിന്റാണ് അത്ലറ്റികോ സംഘത്തിന്റെ സമ്പാദ്യം. ബാഴ്സലോണ 38 പോയിന്റുമായി രണ്ടാം സ്ഥാനത്താണ്.