സന്തോഷ് ട്രോഫി: ഒഡിഷയെ തകർത്ത് കേരളം ക്വാർട്ടറിൽ
സന്തോഷ് ട്രോഫി ഫുട്ബോളിൽ ഗ്രൂപ്പ് ബിയിൽ തുടർച്ചയായ മൂന്നാംജയത്തോടെ കേരളം ക്വാർട്ടറിൽ കടന്നു. ഡെക്കാൻ അരീന ടർഫ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ഒഡിഷയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചാണ് കേരളം ക്വാർട്ടർ ഉറപ്പാക്കിയത്. ക്യാപ്റ്റൻ ജി സഞ്ജുവാണ് കളിയിലെ താരം.
ആദ്യപകുതിയുടെ അവസാനം 40-ാം മിനിറ്റിൽ മുഹമ്മദ് അജ്സലാണ് കേരളത്തിനായി ആദ്യം ഗോൾ കണ്ടെത്തിയത്. ടൂർണമെന്റിലെ അജ്സലിന് ഇതോടെ മൂന്ന് ഗോളായി. രണ്ടാം പകുതിയുടെ തുടക്കത്തിൽ നസീബ് റഹ്മാൻ പട്ടിക പൂർത്തിയാക്കി.
ആദ്യകളിയിൽ ഗോവയെയും രണ്ടാംമത്സരത്തിൽ മേഘാലയയെയും മറികടന്ന കേരളം ഇതോടെ അവസാന എട്ടിൽ ഇടംപിടിച്ചു. ഗ്രൂപ്പ് ബിയിൽ രണ്ടു കളികൾ ബാക്കി നിൽക്കെയാണ് കേരളം ക്വാർട്ടറിൽ കടന്നത്. ഇനിയുള്ള മത്സരങ്ങളിൽ കേരളം 22ന് ഡൽഹിയെയും 24ന് തമിഴ്നാടിനെയും നേരിടും.