നാണംകെട്ട തോൽവി, ബ്ലാസ്റ്റേഴ്സിനെ എതിരില്ലാത്ത മൂന്ന് ഗോളിന് വീഴ്ത്തി മോഹൻ ബഗാൻ

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സിന് വീണ്ടും തോല്‍വി. മോഹൻ ബഗാൻ എതിരില്ലാതെ മൂന്ന് ഗോളുകൾക്കാണ് കേരളാ ബ്ലാസ്റ്റേഴ്സിനെ തോൽപ്പിച്ചത്. ഇതോടെ ബ്ലാസ്റ്റേഴ്സിന്റെ പ്ലേ ഓഫ് സ്വപ്നങ്ങള്‍ക്ക് മങ്ങലേറ്റു.
സ്വന്തം തട്ടകത്തിൽ ജയം ലക്ഷ്യമിട്ടിറങ്ങിയ ബ്ലാസ്റ്റേഴ്സിന് ആദ്യം മുതൽ പിഴച്ചു. 28-ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സിനെതിരെ ആദ്യ ഗോളടിച്ച് ജെയ്മി മക്ലാരൻ ലീഡെടുത്തു. 40-ാം മിനിറ്റിൽ ജേസണ്‍ കമ്മിങ്സിന്റെ അസിസ്റ്റിൽ മക്ലാരൻ നീട്ടിയടിച്ച പന്ത് വീണ്ടും ബ്ലാസ്റ്റേഴ്സിന്റെ ഗോൾ വല കുലുക്കി. 66-ാം മിനിറ്റില്‍ ആല്‍ബര്‍ട്ടോ റോഡ്രിഗസ് ബഗാനായി മൂന്നാം ഗോള്‍ നേടിയതോടെ ബ്ലാസ്റ്റേഴ്സ് പരാജയത്തോടെ മടങ്ങി. മത്സരത്തിൽ ഏറെ നേരം പന്ത് കൈവശം വെച്ചത് കേരള ബ്ലാസ്റ്റേഴ്സായിരുന്നു. 67 ശതമാനമായിരുന്നു ബോൾ പൊസെഷൻ. എന്നാൽ മികച്ച അവസരങ്ങൾ ഉണ്ടാക്കാനോ, കിട്ടിയ അവസരങ്ങൾ ഗോളാക്കി മാറ്റാനോ അവർക്ക് സാധിച്ചില്ല.
20 കളികളിൽ നിന്ന് 24 പോയിന്റോടെ എട്ടാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. ഏഴ് കളികൾ ജയിച്ചപ്പോൾ 10 എണ്ണം തോറ്റു. 21 കളികളിൽ നിന്ന് 49 പോയിന്റുമായി മോഹൻ ബഗാൻ പട്ടികയിൽ ഒന്നാമതാണ്.