ഇന്ത്യയും വെസ്റ്റിന്ഡീസും തമ്മിലുള്ള മൂന്നാം ട്വന്റി20 ഇന്ന്; ക്രിക്കറ്റ് പരമ്പരയിലെ നിർണ്ണായക മത്സരം
ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ആത്മവിശ്വാസത്തിലാണ് വെസ്റ്റിന്ഡീസ് ഇന്നിറങ്ങുന്നത്. ഇന്നു ജയിച്ചാല് ട്വന്റി20 പരമ്പര അവര്ക്ക് സ്വന്തമാക്കാം. 2016 നു ശേഷം ഇന്ത്യക്കെതിരേ ആദ്യമായി ഒരു പാരമ്പരവിജയം എന്ന ലക്ഷ്യമാണ് വിന്ഡീസിനു മുന്നിലുള്ളത്.
പ്രോവിഡന്സ് സ്റ്റേഡിയത്തില് നടന്ന കഴിഞ്ഞ മൂന്ന് ട്വന്റി20 കളിലും അര്ധ സെഞ്ചുറി കുറിക്കാന് വിന്ഡീസിന്റെ നികോളാസ് പൂരാന് കഴിഞ്ഞിട്ടുണ്ട്. പൂരാനും ഷിംറോണ് ഹെറ്റ്മേയറിനും ഇന്ത്യന് സ്പിന്നര്മാരെ ഫലപ്രദമായി നേരിടാനാവുകയും ചെയ്തു. ബാറ്റിങ്ങിന് കരുത്തില്ലാത്തതാണ് ഇന്ത്യയെ അലട്ടുന്നത്. മധ്യനിരയില് തിലക് വര്മയെ മാറ്റി നിര്ത്തിയാല് ആരും മികവ് കാണിക്കുന്നില്ല. രണ്ടാം ട്വന്റി20 നടന്ന വേഗം കുറഞ്ഞ പിച്ചില് തന്നെയാണ് ഇന്നത്തെ മത്സരവും. അന്തരീക്ഷം മേഘാവൃതമായതിനാല് മത്സരത്തിനിടെ മഴ പെയ്യാനുള്ള സാധ്യതയുമുണ്ട്.
രണ്ടാം ട്വന്റി20 യിലെ തോല്വി മുന്നിര്ത്തി ടീം ഇന്ത്യയില് മാറ്റങ്ങള്ക്കിടയുണ്ട്. കഴിഞ്ഞ എട്ട് ട്വന്റി20 കളിലായി 12.12 ശരാശരി മാത്രം നേടിയ ഇഷാന് കിഷനെ മാറ്റി യശസ്വി ജയ്സ്വാളിനെ കളിപ്പിക്കാന് സാധ്യതയുണ്ട്. സഞ്ജു സാംസണ് അതോടെ വിക്കറ്റ് കീപ്പറുടെ റോളിലാകും ഇറങ്ങുക. ഇടംകൈയന് സ്പിന്നര് കുല്ദീപ് യാദവ് ടീമില് തിരിച്ചെത്താനും സാധ്യതയുണ്ട്. വെസ്റ്റിന്ഡീസ് ടീം പ്ലേയിങ് ഇലവനില് മാറ്റം വരുത്താനിടയില്ല.