എഡ്ജ്ബാസ്റ്റണ് ടെസ്റ്റ് ഇന്നുമുതല്‍; ഇംഗ്ലണ്ട് പഴയ ഇംഗ്ലണ്ടല്ല
ഇന്ത്യ – ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റ് മത്സരം ഇന്ന് മുതല്‍ എഡ്ജ്ബാസ്റ്റണില്. കഴിഞ്ഞ വര്‍ഷം നടന്ന പരമ്പരയിലെ അവസാന ടെസ്റ്റ് ഇന്ത്യന്‍ ടീമിലെ കോവിഡ് ബാധയെ തുടര്‍ന്ന് മാറ്റിവെയ്ക്കുകയായിരുന്നു. 298 ദിവസങ്ങള്‍ക്ക് ശേഷം ഏറ്റുമുട്ടാന്‍ ഇറങ്ങുമ്പോള്‍ കോച്ചും ക്യാപ്റ്റനും ഉള്‍പ്പടെ അടിമുടി മാറിയാണ് ഇരു ടീമുകളും എത്തുന്നത്.
അഞ്ചാം ടെസ്റ്റില്‍ ഇന്ത്യയെ നയിക്കുക പേസ് ബോളര്‍ ജസ്പ്രീത് ബുമ്രയാണ്. ഇതു സംബന്ധിച്ച സൂചനകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ വന്നിരുന്നെങ്കിലും ബിസിസിഐയുടെ സ്ഥിരീകരണം ഇപ്പോഴാണ് എത്തിയത്. രോഹിത് ശര്‍മയ്ക്ക് കോവിഡ് പോസിറ്റീവ് ആയതിനാലാണ് ക്യാപ്റ്റന്‍സി നറുക്ക് ബുമ്രയ്ക്ക് വീണത്. ഋഷഭ് പന്ത് വൈസ് ക്യാപ്റ്റനാകും. 35 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യന്‍ ടീം ഒരു പേസ് ബോളറിനു കീഴില്‍ മത്സരത്തിനിറങ്ങുന്നത്. 1987 വരെ ക്യാപ്റ്റനായിരുന്ന കപില്‍ ദേവാണ് അവസാനമായി ഇന്ത്യയെ നയിച്ച പേസര്‍.
പരമ്പരയിലെ നാല് മത്സരങ്ങളില്‍ കണ്ട ഇംഗ്ലണ്ടല്ല ഇപ്പോഴത്തെ ഇംഗ്ലണ്ട്. ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പര പുഷ്പം പോലെ ജയിച്ചു കയറിയ ഇംഗ്ലണ്ട് ആത്മവിശ്വാസത്തിന്റെ കൊടുമുടിയിലാണ്. മറുഭാഗത്ത് ഇന്ത്യയാകട്ടെ, പരമ്പരയില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ച രോഹിത് ശര്‍മയും കെ എല്‍ രാഹുലുമില്ലാതെയാണ് മത്സരത്തിനിറങ്ങുന്നത്. വിശ്വസ്ത ഓപ്പണര്‍മാരെ നഷ്ടപ്പെട്ട ഇന്ത്യക്കായി ശുഭ്മാന്‍ ഗില്ലും മായങ്ക് അഗര്‍വാളും ഇന്ന് ഓപ്പണ്‍ ചെയ്തേയ്ക്കും.
പരമ്പരയില്‍ 2-1ന് മുന്നിലാണ് ഇന്ത്യ. വൈകിട്ട് 3 മണി മുതലാണ് മത്സരം ആരംഭിക്കുന്നത്. സോണി സിക്സിലും സോണി ലൈവിലും മത്സരം തത്സമയം കാണാം.
Content Highlight: India England 5th Test, Edgbaston Test, Jasprit Bumrah, Rohit Sharma