കിരീടം തേടി ഇന്ത്യ, എതിരാളി ന്യൂസിലന്‍ഡ്; 25 വര്‍ഷം മുമ്പത്തെ കടം വീട്ടാന്‍ രോഹിതും സംഘവും

ചാംപ്യന്‍സ് ട്രോഫി കിരീടം തേടി ഇന്ത്യ ഇന്നിറങ്ങും. ഫൈനലില്‍ ന്യൂസിലന്‍ഡാണ് ഇന്ത്യയുടെ എതിരാളി. ദുബായ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഉച്ചയ്ക്ക് 2.30ന് മത്സരം ആരംഭിക്കും. ഏതെങ്കിലും കാരണവശാല്‍ കളിമുടങ്ങിയാല്‍ റിസര്‍വ് ദിനമായ തിങ്കളാഴ്ചത്തേക്ക് മത്സരം നീളും.
ഏകദിന ടീമില്‍ സ്ഥാനം അരക്കിട്ടുറപ്പിക്കാന്‍ നായകന് രോഹിത് ശര്‍മ്മയ്ക്ക് വിജയവും കിരീടവും അനിവാര്യമാണ്. തുല്യശക്തികളാണ് കീവീസും ഇന്ത്യയുമെങ്കിലും, നിലവിലെ ഫോമില്‍ ഇന്ത്യയ്ക്ക് നേരിയ മേല്‍ക്കൈയുണ്ട്. അതേസമയം ഐസിസി നോക്കൗട്ട് മത്സരങ്ങളിലെ ബലാബലത്തില്‍ ന്യൂസിലന്‍ഡാണ് മുന്നില്‍. നാല് മത്സരങ്ങളില്‍ മൂന്നിലും കിവീസിനൊപ്പമായിരുന്നു ജയം.
ഏകദിനത്തില്‍ ഇന്ത്യ കിരീടം നേടിയിട്ട് 12 വര്‍ഷമായി. ന്യൂസീലന്‍ഡാകട്ടെ, ഇതുവരെ നേടിയ ഒരേയൊരു ഐസിസി കിരീടം ചാംപ്യന്‍സ് ട്രോഫിയാണ്.