കട്ടക്കിലും ക്ലിക്കായില്ല; ഇന്ത്യക്ക് രണ്ടാം തോല്‍വി
ഇന്ത്യ ദക്ഷിണാഫ്രിക്ക രണ്ടാം ടി20യില്‍ ഇന്ത്യക്ക് തോല്‍വി. ആറ് വിക്കറ്റ് നഷ്ട്ടത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 149 റണ്‍സ് വിജയലക്ഷ്യം ദക്ഷിണാഫ്രിക്ക 10 പന്ത് ശേഷിക്കെ മറികടന്നു. തകര്‍ത്തടിച്ച ഹെന്റിച്ച് ക്ലാസന്റെ പോരാട്ടമികവാണ് ദക്ഷിണാഫ്രിക്കയ്ക്ക് തുണയായത്.
ടോസ് നഷ്ട്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യന്‍ സംഘം തുടക്കത്തില്‍തന്നെ പ്രതിരോധത്തിലാവുന്ന കാഴ്ച്ചയാണ് കട്ടക്കില്‍ കാണാനായത്. ഓപ്പണര്‍ ഋതുരാജ് ഗെയ്ക്ക്വാദ് (1), റിഷഭ് പന്ത് (5) ഹാര്‍ദിക്ക് പാണ്ഡ്യ (9), അക്സര്‍ പട്ടേല്‍ (10) എന്നിവര്‍ ഇന്ത്യന്‍ നിരയില്‍ അധികം നിലയുറപ്പിച്ചില്ല. ഓപ്പണര്‍ ഇഷന്‍ കിഷന് (40), ശ്രേയസ് അയ്യര്‍ (30), വാലറ്റത്ത് ദിനേശ് കാര്‍ത്തിക്ക് (30) എന്നിവരാണ് പേരിനെങ്കിലും ഇന്ത്യന്‍ നിരയില്‍ പൊരുതിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയെ ആദ്യ ഓവറില്‍ തന്നെ വിറപ്പിക്കാന്‍ ഇന്ത്യന്‍ ബൗളിങ്ങ് നിരക്കായി. ഓപ്പണര്‍ റീസാ ഹെന്‍ഡ്രിക്സിന്റെ (4) വിക്കറ്റ് ആദ്യ ഓവറില്‍ തന്നെ തെറിപ്പിച്ച ഭുവനേശ്വര്‍ കുമാര്‍ തുടരെ തുടരെ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. നാല് ഓവറില്‍ 13 റണ്‍സ് വിട്ടുകൊടുത്ത് 4 വിക്കറ്റ് പിഴുത ഭുവനേശ്വര്‍ കുമാറാണ് ഇന്ത്യന്‍ നിരയില്‍ തിളങ്ങിയ ഏക വ്യക്തി.
തുടക്കം പാളിയ ദക്ഷിണാഫ്രിക്ക കളി തിരിച്ചുപിടിച്ചത് ഹെന്റിച്ച് ക്ലാസന് ക്രീസിലെത്തിയതോടെയാണ്. ഏഴ് ഫോറും അഞ്ച് സിക്സും പറത്തി 81 റണ്‍സ് ദക്ഷിണാഫ്രിക്കന്‍ സ്കോര്‍ബോര്‍ഡില്‍ കൂട്ടിച്ചേര്‍ത്ത ക്ലാസനാണ് ദക്ഷിണാഫ്രിക്കയുടെ വിജയിശില്പ്പി. കളിയിലെ താരവും ഹെന്റിച്ച് ക്ലാസന് തന്നെ.
Content Highlight: India v South Africa T20 Series, Heinrich Klaasen, Cuttack