മഴ കളിച്ചു; ഇന്ത്യ – ദക്ഷിണാഫ്രിക്ക പരമ്പര സമനിലയിൽ
ഇന്ത്യ – ദക്ഷിണാഫ്രിക്ക ട്വന്റി-20 പരമ്പരയിലെ അവസാന മത്സരം മഴമൂലം ഉപേക്ഷിച്ചു. അഞ്ച് മത്സരങ്ങളുള്ള പരമ്പര ഇതോടെ സമനിലയില്‍ പിരിഞ്ഞു. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ ദക്ഷിണാഫ്രിക്കയും പിന്നീടുള്ള രണ്ടെണ്ണം ഇന്ത്യയും ജയിച്ചിരുന്നു. ഇന്നലെ ജയിക്കുന്നവര്‍ക്ക് പരമ്പര സ്വന്തമാക്കാം എന്നിരിക്കെയാണ് മഴമൂലം കളി ഉപേക്ഷിക്കേണ്ടി വന്നത്. ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലായിരുന്നു മത്സരം.
ടോസ് നഷ്ട്ടമായ ഇന്ത്യ ബാറ്റിംഗിനെത്തിയപ്പോള്‍ മഴ തുടങ്ങി. 50 മിനിറ്റ് വൈകി 19 ഓവറായി വെട്ടിചുരുക്കി മത്സരം ആരംഭിച്ചു. ഇന്ത്യ 3.3 ഓവറില്‍ 2ന് 28 എന്ന നിലയില്‍ നില്ക്കുമ്പോള് വീണ്ടും മഴയെത്തി. പിന്നീട് മത്സരം തുടങ്ങാന്‍ സാധിക്കാത്ത തരത്തില്‍ മഴ തുടര്‍ന്നതോടെ കളി ഉപേക്ഷിക്കുകയായിരുന്നു.
ആദ്യ ഓവറിലെ രണ്ട് ബോള്‍ സിക്സ് പറത്തിയായിരുന്നു ഇന്ത്യയുടെ ഓപ്പണര്‍ ഇഷാന് കിഷന്റെ തുടക്കം. പക്ഷെ ആ ഇന്നിങ്സിന് 7 ബോളിന്റെ ആയുസേ ഉണ്ടായിരുന്നുള്ളു. 12 ബോളില്‍ 10 റണ്‍സെടുത്ത ഋതുരാജ് ഗെയ്ക്ക്വാദും പുറത്തായതോടെ പരുങ്ങലിലായെങ്കിലും പിന്നീട് മഴയെത്തുകയായിരുന്നു.
5 മത്സരങ്ങളില്‍ നിന്ന് 6 വിക്കറ്റ് നേടിയ ഭുവനേശ്വര്‍ കുമാറാണ് പരമ്പരയിലെ താരം.
Content Highlight: India v South Africa 5th T20, Bengaluru Chinnaswamy Stadium, Bhuvneshwar Kumar