‘ഇന്ത്യന്‍ പെലെ’ , ഫുട്ബാള്‍ ഇതിഹാസം മുഹമ്മദ് ഹബീബ് അന്തരിച്ചു
1970കളിലെ ഇന്ത്യൻ ഫുട്ബാളിന്റെ ആവേശമായിരുന്ന മിഡ്ഫീല്‍ഡര്‍ മുഹമ്മദ് ഹബീബ് അന്തരിച്ചു. 74 വയസായിരുന്നു .1977ല്‍ ഇന്ത്യൻ പര്യടനത്തിനെത്തിയ പെലെയുടെ ബ്രസീലിയൻ ക്ളബ് കോസ്മോസിനെതിരെ ഗോളടിച്ച് ചരിത്രം കുറിച്ച ഹബീബ് കഴിഞ്ഞ കുറച്ചുനാളായി അസുഖബാധിതനായിരുന്നു. കുറച്ചുനാളായി പാര്‍ക്കിൻസണ്‍സ് രോഗവും ഓര്‍മ്മക്കുറവും അലട്ടിയിരുന്ന അദ്ദേഹം ഹൈദരാബാദിലെ വസതിയിലാണ് അന്തരിച്ചത്. ഭാര്യയും മൂന്ന് പെണ്മക്കളുമുണ്ട്.
മോഹൻ ബഗാൻ, ഈസ്റ്റ് ബംഗാള്‍, മൊഹമ്മദൻ സ്പോര്‍ട്ടിംഗ് എന്നീ മുൻ വമ്പൻ ക്ളബുകളുടെ കുപ്പായമണിഞ്ഞ ഹബീബ് അക്കാലത്തെ ഇന്ത്യൻ ഫുട്ബാളിന്റെ ആവേശമായിരുന്നു. 1970ലെ ബാങ്കോക്ക് ഏഷ്യൻ ഗെയിംസില്‍ വെങ്കലം നേടിയ സെയ്ദ് നയീമുദ്ദീൻ നയിച്ച ടീമില്‍ അംഗമായിരുന്നു ഇദ്ദേഹം. കളിക്കളത്തിലെ മികച്ച പ്രകടനത്തിന്റെ പേരില്‍ വിവിധ സ്ഥാപനങ്ങളില്‍ നിന്ന് ജോലി വാഗ്ദാനം ലഭിച്ചിട്ടും ടാറ്റ ഫുട്ബാള്‍ അക്കാഡമിയിലെ പരിശീലകനായി കളിക്കളത്തില്‍ തുടരുകയായിരുന്നു. പിന്നീട് ഹല്‍ദിയയിലെ ഇന്ത്യൻ ഫുട്ബാള്‍ അസോസിയേഷൻ അക്കാദമിയിലെ കോച്ചായി.
1977ല്‍ ഈഡൻ ഗാര്‍ഡൻസിലായിരുന്നു പെലെയുടെ കോസ്മോസും ബഗാനും തമ്മിലുള്ള സൗഹൃദ മത്സരം. അന്ന് കോസ്മോസിനെ 2-2ന് ബഗാൻ സമനിലയില്‍ തളച്ചിരുന്നു. ബഗാന് വേണ്ടി ഗോള്‍ നേടിയ ഹബീബിന്റെ പ്രകടനത്തെ മത്സരശേഷം പെലെ പേരെടുത്ത് പറഞ്ഞ് അഭിനന്ദിച്ചിരുന്നു.