ചരിത്രമെഴുതാൻ കേരളം; രഞ്ജി ട്രോഫി സെമി പോരാട്ടം ഇന്ന് മുതൽ

രഞ്ജി ട്രോഫി ഫൈനലെന്ന ചരിത്ര നേട്ടം ലക്ഷ്യമിട്ട് കേരളം ഇന്ന് കളത്തിലിറങ്ങുന്നു. കരുത്തരായ ഗുജറാത്താണ് എതിരാളികൾ. ഈ സീസണിൽ ടീം സ്വപ്ന സമാന കുതിപ്പാണ് നടത്തുന്നത്. സച്ചിൻ ബേബിയുടെ നേതൃത്വത്തിലുള്ള ടീം ആത്മവിശ്വാസത്തിലാണ്. മത്സരം തത്സമയം ഹോട്ട് സ്റ്റാറിലും ജിയോ സിനിമയിലും കാണാം. രാവിലെ 9.30 മുതലാണ് പോരാട്ടം.
ജമ്മു കശ്മീരിനെതിരായ ക്വാർട്ടറിൽ കളി കൈവിട്ടെന്നു കരുതിയിടത്തു നിന്നാണ് കേരളം തിരിച്ചു കയറിയത്. പത്താം വിക്കറ്റ് കൂട്ടുകെട്ടിലൂടെ കേരളം സമനില പിടിച്ചാണ് സെമി ഉറപ്പാക്കിയത്. പ്രാഥമിക ഘട്ടത്തിലും ക്വാർട്ടറിലുമായി തോൽവി അറിയാതെയാണ് സെമിയിൽ കേരളം ഇടം ഉറപ്പിച്ചത്. ഇത് രണ്ടാം തവണയാണ് കേരളം രഞ്ജി സെമി കളിക്കാനിറങ്ങുന്നത്. 2018-19 സീസണിലാണ് ആദ്യമായി സെമി കണ്ടത്. അന്നു പക്ഷേ വിദർഭയോടു തോറ്റു. ഗുജറാത്ത് 2016-17 സീസണിലെ രഞ്ജി ചാംപ്യൻമാരാണ്.