കേരളത്തിന് സന്തോഷം; സന്തോഷ് ട്രോഫി ഫൈനലില്‍ ബംഗാളിനെതിരെ ആവേശ ജയം
സന്തോഷ് ട്രോഫി ഫൈനലില്‍ സന്തോഷം കേരളത്തിനോടൊപ്പം. പെനാല്‍റ്റി ഷൂട്ട്ഔട്ട് വരെ നീണ്ട ആവേശത്തില്‍ കേരളത്തിന്റെ ചുണകുട്ടികള്‍ ബംഗാളിനെ തോല്പിച്ച് ഏഴാം കിരീടം ചൂടി. മലപ്പുറം മഞ്ചേരി പയ്യനാട്ടെ നിറഞ്ഞ സ്റ്റേഡിയത്തെ സാക്ഷിയാക്കി മഞ്ഞകുപ്പായക്കാര്‍ കപ്പില്‍ മുത്തമിട്ടു.
സെമി ഫൈനലിലെ ആദ്യ ഇലവനില്‍ നിന്ന് മാറ്റം ഇല്ലാതെ ആണ് കേരളം പയ്യനാട് ഇറങ്ങിയത്. തുടക്കത്തില്‍ മങ്ങിയ കേരളത്തിന്റെ താളം മുതലെടുത്ത് മത്സരത്തിലെ ആദ്യ രണ്ട് അവസരങ്ങള്‍ സന്ദര്‍ശകരായ ബംഗാളാണ് മെനഞ്ഞെടുത്തത്. 22-ാം മിനിട്ടില്‍ മഹിതോഷ് റോയിക്ക് കിട്ടിയ തുറന്ന അവസരവും ബംഗാള്‍ നഷ്ടപ്പെടുത്തി. കേരളം ഒന്ന് ഞെട്ടി.
33-ാം മിനിട്ടിലാണ് കേരളത്തിന്റെ ആദ്യ അവസരം പിറന്നത്. അര്ജുന് ജയരാജിന്റെ പാസില്‍ നിന്ന് വിക്നേഷ് ബംഗാള്‍ ഡിഫന്‍സിനെ കീഴ്പ്പെടുത്തി മുന്നേറി. ബംഗാള്‍ ഗോള്‍ കീപ്പര്‍ മാത്രമെ മുന്നില്‍ ഉണ്ടായിരുന്നുള്ളൂ എങ്കിലും വിക്നേഷിന് ലക്ഷ്യത്തില്‍ എത്തിക്കാന്‍ ആയില്ല. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടു മുമ്പും ബംഗാളിന് ഒരു സുവര്‍ണ്ണാവസരം ലഭിച്ചു. എങ്കിലും ആദ്യ പകുതിയുടെ വിസില്‍ മുഴങ്ങിയപ്പോള്‍ സ്കോര്‍ 0-0.
രണ്ടാം പകുതിയില്‍ ജിജോ ജോസഫിലൂടെ കേരളം ഗോളിന് അടുത്തെത്തി എങ്കിലും ഫലം ഉണ്ടായില്ല. മറുവശത്ത് മിഥുന്റെ സേവുകളും കളി ഗോള്‍ രഹിതമായി നിര്‍ത്തി. പരിക്ക് കാരണം അജയ് അലക്സ് പുറത്ത് പോയത് കേരളത്തിന് തിരിച്ചടിയായി. രണ്ടാം പകുതിയില്‍ പിന്നീട് നല്ല അവസരങ്ങള്‍ പിറന്നില്ല. തുടര്‍ന്ന് കളി എക്സ്ട്രാ ടൈമിലേക്ക് നീങ്ങി.
അടി. തിരിച്ചടി
97-ാം മിനിട്ട്. പയ്യനാട് സ്റ്റേഡിയത്തെ നിശബ്ദമാക്കി കൊണ്ട് ബംഗാള്‍ ആദ്യ ഗോള്‍ നേടി. ദിലിപ് ഒരാവന്‍ ആണ് ബംഗാളിനായി ഒരു ഹെഡറിലൂടെ ലീഡ് എടുത്തത്. ആകാംഷയുടേയും നെഞ്ചിടിപ്പിന്റെയും നിമിഷങ്ങള്‍ പിന്നിട്ട് പയ്യനാട് സ്റ്റേഡിയത്തെ ഇളക്കിമറിച്ചുകോണ്ട് കേരളത്തിന്റെ മറുപടി ഗോള്‍ 117-ാം മിനിട്ടില്‍. വലതു വിങ്ങില്‍ നിന്ന് വന്ന ക്രോസിന് തല വെച്ച് സഫ്നാദിന് കേരളത്തിന് സമനില നല്കി. ഇത് കളി പെനാള്‍ട്ടി ഷൂട്ടൗട്ടിലേക്ക് എത്തിച്ചു.
ബംഗാളിന്റെ രണ്ടാം പെനാള്‍ട്ടി കിക്ക് പുറത്തേക്ക് പോയത് കേരളത്തിന്റെ കിരിടത്തിലേക്കുള്ള ദൂരം കുറച്ചു. അഞ്ചില്‍ അഞ്ചും അകത്ത് കേറ്റിയ കേരളം 5-4ന് ബംഗാളിനെ മുട്ടുകുത്തിച്ചു.
കേരളത്തിന്റെ ഏഴാം കിരീടം. സന്തോഷകിരീടം.
Content Highlight: Santosh Trophy 2022 Final; Kerala emerge victorious over West Bengal.