ദക്ഷിണാഫ്രിക്കയെ ഏഴ് റണ്‍സിന് തോല്പിച്ച് കിവീസ്
കാര്യവട്ടം ഗ്രീൻഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പ് സന്നാഹ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ ന്യൂസിലൻഡ് ഏഴ് റണ്‍സിന് തോല്പിച്ചു.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കിവീസ് നിശ്ചിത 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 321 റണ്‍സാണെടുത്തത്. മഴ കാരണം ദക്ഷിണാഫ്രിക്കയുടെ ലക്ഷ്യം 37 ഓവറില്‍ 217 റണ്‍സാക്കി ചുരുക്കിയിരുന്നു. എന്നാല്‍, ഏഴ് റണ്‍സകലെ അവരുടെ ഇന്നിങ്സ് അവസാനീക്കുകയായിരുന്നു.
കിവികളുയര്‍ത്തിയ വലിയ ലക്ഷ്യം പിന്തുടര്‍ന്ന .ദക്ഷിണാഫ്രിക്കക്ക് വേണ്ടി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ക്വിൻണ്‍ ഡീകോക്ക് ഗംഭീര തുടക്കമാണ് നല്‍കിയത്. 12 ബൗണ്ടറികളും ഒരു സിക്സുമടക്കം 84 റണ്‍സെടുത്ത താരം പുറത്താകാതെ നിന്നു. റാസി വാൻഡര്‍ ഡസൻ 9 ബൗണ്ടറികളടക്കം 51 റണ്‍സുമായി ഡീകോക്കിന് മികച്ച പിന്തുണ നല്കി. ഹെന്റിച് ക്ലാസനും (39) പൊരുതി നോക്കിയെങ്കിലും വിജയ റണ്‍ നേടാൻ കഴിഞ്ഞില്ല. നായകൻ ഐഡൻ മാര്‍ക്രം 13 റണ്‍സെടുത്ത് പുറത്തായി.
അതേസമയം, ന്യൂസിലൻഡിന് വേണ്ടി ഡിവോണ്‍ കോണ്‍വേയും (78) വികറ്റ് കീപ്പര്‍ ടോം ലാതമും (51) അര്‍ധ സെഞ്ച്വറി നേടി. നായകൻ കെയ്ൻ വില്യംസണ് 37 റണ്‍സെടുത്തു. കോണ്‍വേയും വില്യംസണും പരിക്കേറ്റതിനെ തുടര്‍ന്ന് ബാറ്റിങ് മതിയാക്കി പോയിരുന്നു. ഗ്ലെൻ ഫിലിപ്സ് 43 റണ്‍സെടുത്തു. ഡരില്‍ മിച്ചല്‍ 16 പന്തുകളില്‍ 25 റണ്‍സെടുത്തു. ദക്ഷിണാഫ്രിക്കൻ ബൗളര്‍മാരില്‍ ലുങ്കി എൻഗിഡിയും മാര്‍കോ ജെൻസനും മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തി.
അതേസമയം, ഡക്ക് വർത്ത് ലൂയിസ് നിയമപ്രകാരം നടന്ന മറ്റൊരു മത്സരത്തില്‍ ബംഗ്ലാദേശിനെ ഇംഗ്ലണ്ട് നാല് വിക്കറ്റിന് തോല്പിച്ചു.