കാലിക്കറ്റിനെ വീഴ്ത്തി കൊച്ചി ഫൈനലില്‍, കൊല്ലത്തിനെതിരെ കിരീട പോരാട്ടം

KCL ഫൈനലില്‍ ഏരീസ് കൊല്ലം സെയ്ലേഴ്സും കൊച്ചി ബ്ലൂ ടൈഗേഴ്സും ഏറ്റുമുട്ടും. ഇന്നലെ നടന്ന രണ്ടാം സെമിയില്‍ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സിനെ 15 റണ്‍സിന് കീഴടക്കിയാണ് കൊച്ചി ഫൈനലിലെത്തിയത്.
ആദ്യം ബാറ്റ് ചെയ്ത കൊച്ചി 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കാലിക്കറ്റിന് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സ് മാത്രമാണ് നേടാനായത്. കൊച്ചിയ്ക്കായി എല്ലാ മേഖലയിലും തിളങ്ങിയ മൊഹമ്മദ് ആഷിഖാണ് പ്ലെയര്‍ ഓഫ് ദി മാച്ച്.
ടോസ് നേടിയ കാലിക്കറ്റ്, കൊച്ചിയെ ആദ്യം ബാറ്റിങ്ങിന് അയക്കുകയായിരുന്നു. തുടക്കത്തില്‍ ആഞ്ഞടിച്ച കൊച്ചിയുടെ ഇന്നിങ്സ് ഇടയ്ക്ക് മന്ദഗതിയിലായെങ്കിലും അവസാന ഓവറുകളില്‍ വീണ്ടും കൂറ്റന്‍ ഷോട്ടുകള്‍ വന്നതോടെ മികച്ചൊരു ടോട്ടലിലേക്ക് നീങ്ങുകയായിരുന്നു. അജീഷിനും മൊഹമ്മദ് ആഷിക്കിനുമൊപ്പം നിഖില്‍ തോട്ടത്തിന്റെ കൂട്ടുകെട്ടുകളാണ് കൊച്ചിയെ മികച്ച സ്കോറിലെത്തിച്ചത്. അജീഷ് 20 പന്തുകളില്‍ 24 ഉം, മൊഹമ്മദ് ആഷിഖ് പത്ത് പന്തുകളില്‍ രണ്ട് ഫോറും മൂന്ന് സിക്സുമടക്കം 31 റണ്‍സും നേടി. 36 പന്തുകളില്‍ ഒരു ഫോറും ഏഴ് സിക്സുമടക്കം 64 റണ്‍സുമായി നിഖില്‍ പുറത്താകാതെ നിന്നു. കാലിക്കറ്റിന് വേണ്ടി മനു കൃഷ്ണനും ഇബ്നുള്‍ അഫ്താബും ഹരികൃഷ്ണനും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കാലിക്കറ്റിന് ഇടവേളകളിൽ വിക്കറ്റ് നഷ്ടമായിക്കൊണ്ടിരുന്നു.
അഖില്‍ സ്കറിയയും അന്‍ഫലും ചേര്‍ന്ന് നാലാം വിക്കറ്റില്‍ 39 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ 13ാം ഓവറില്‍ അന്ഫലിനെയും സച്ചിന് സുരേഷിനെയും പുറത്താക്കി മൊഹമ്മദ് ആഷിഖ് കളിയുടെ ഗതി കൊച്ചിയ്ക്ക് അനുകൂലമാക്കി.
തുടര്‍ന്നെത്തിയ കൃഷ്ണദേവന് പതിവു പോലെ തകര്‍ത്തടിച്ച് 13 പന്തുകളില്‍ നിന്ന് 26 റണ്‍സ് നേടിയെങ്കിലും, ബൗണ്ടറിക്കരികില്‍ നിന്നുള്ള ആഷിഖിന്റെ ഡയറക്ട് ത്രോയില്‍ കൃഷ്ണദേവന് റണ്ണൌട്ടാകുമ്പോള്‍ കൊച്ചിയ്ക്ക് വിജയത്തിലേക്കുള്ള വഴിയൊരുങ്ങി. ഇരുപതാം ഓവറില്‍ ഒരു ഫോറും മൂന്ന് സിക്സും നേടിയ അഖില്‍ സ്കറിയ അവസാനം വരെ പോരാടിയെങ്കിലും കാലിക്കറ്റിന്റെ മറുപടി 171 അവസാനിച്ചു. 37 പന്തുകളില്‍ 72 റണ്‍സുമായി അഖില്‍ പുറത്താകാതെ നിന്നു. മൂന്ന് വിക്കറ്റ് വീഴ്ത്തിയ മൊഹമ്മദ് ആഷിഖാണ് കൊച്ചി ബൗളിങ് നിരയില്‍ തിളങ്ങിയത്.