ലെഗ് സ്പിന്നര്‍ അമിത് മിശ്ര വിരമിച്ചു

മുതിര്‍ന്ന ലെഗ് സ്പിന്നര്‍ അമിത് മിശ്ര ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിച്ചു. 25 വര്‍ഷത്തിലേറെ നീണ്ടുനിന്ന കരിയറിനാണ് ഇതോടെ തിരശീല വീണത്.
ആവര്‍ത്തിച്ചുള്ള പരിക്കുകളും കൂടുതൽ യുവാക്കള്‍ക്ക് അവസരം നല്കുന്നതിനുമാണ് തന്റെ വിരമിക്കല്‍ പ്രഖ്യാപനം എന്ന് അമിത് മിശ്ര പ്രസ്താവനയില്‍ പറഞ്ഞു. ‘ക്രിക്കറ്റ് ജീവിതത്തിലെ ഈ 25 വര്‍ഷങ്ങള്‍ അവിസ്മരണീയമായിരുന്നു. ഇക്കാലമത്രയും എന്നോടൊപ്പം ഉണ്ടായിരുന്ന ബിസിസിഐ, ഹരിയാന ക്രിക്കറ്റ് അസോസിയേഷന്, സപ്പോര്‍ട്ട് സ്റ്റാഫ്, എന്റെ സഹപ്രവര്‍ത്തകര്‍, എന്റെ കുടുംബാംഗങ്ങള്‍ എന്നിവരോട് ഞാന്‍ അഗാധമായ നന്ദിയുള്ളവനാണ്’- മിശ്ര പറഞ്ഞു.
‘ഞാന്‍ കളിച്ചപ്പോഴെല്ലാം എനിക്ക് പിന്തുണയും സ്നേഹവും നല്കി തന്റെ ക്രിക്കറ്റ് ജീവിതം മനോഹരമാക്കിയ ആരാധകര്‍ക്കും നന്ദി. ക്രിക്കറ്റ് എനിക്ക് നൽകിയത് എണ്ണമറ്റ ഓര്‍മ്മകളും വിലമതിക്കാനാവാത്ത പാഠങ്ങളുമാണ്. കൂടാതെ മൈതാനത്തെ ഓരോ നിമിഷവും ജീവിതകാലം മുഴുവന്‍ ഞാന്‍ വിലമതിക്കുന്ന ഒരു ഓര്‍മ്മയായിരിക്കും എന്നും അദ്ദേഹം പറഞ്ഞു.