ലിവർപൂളിനെതിരെ സമനില പിടിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനക്കാരായ ലിവർപൂളിനെതിരെ സമനില സ്വന്തമാക്കി മാഞ്ചസ്റ്റർ യുണൈറ്റഡ്. തുടർച്ചയായുള്ള തോൽവികൾ കാരണം പരിശീലകൻ റൂബൻ അമോറിം കടുത്ത വിമർശനങ്ങൾ നേരിടുമ്പോളാണ്, ലിവർപൂളിനെതിരെ ടീമിന് 2–2ന് സമനില നേടാൻ ആയത്. മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് നാല് ഗോളുകളും വീണത്. ഇതോടെ 1979നു ശേഷം ലീഗിൽ ആദ്യമായി നാല് തുടർ തോൽവികളെന്ന നാണക്കേടും മാഞ്ചസ്റ്റർ യുണൈറ്റഡ് ഒഴിവാക്കി.
ആദ്യ പകുതിക്ക് ശേഷം 52–ാം മിനിറ്റിൽ ലിസാൻഡ്രോ മാർട്ടിനെസിന്റെ ഗോളിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് മുന്നിലെത്തിയത്. ഏഴ് മിനിറ്റിനുള്ളിൽ കോഡി ഗാക്പോയുടെ ഗോളിലൂടെ ലിവർപൂളും ഒപ്പമെത്തി. ഇതിനു പിന്നാലെ 70–ാം മിനിറ്റിൽ മാത്തിസ് ഡിലൈറ്റിന്റെ ഹാൻഡ്ബോളിൽ ലഭിച്ച പെനൽറ്റി ലക്ഷ്യത്തിലെത്തിച്ച് മുഹമ്മദ് സലാ ലിവർപൂളിന് ലീഡ് നൽകി. ഇതോടെ 175 പ്രീമിയർ ലീഗ് ഗോളുകളെന്ന തിയറി ഹെൻറിയുടെ റെക്കോർഡിനൊപ്പമെത്തി സലാ. തുടരെ നാലാം തോൽവിയിലേക്ക് ടീം പോകുമോയെന്ന ആരാധകരുടെ ആശങ്ക അകറ്റിക്കൊണ്ട് , അമാദ് ഡയാലോയുടെ തകർപ്പൻ ഗോളിൽ യുണൈറ്റഡ് സമനില പിടിച്ചു. അവസാന നിമിഷം ലഭിച്ച അവസരം ഹാരി മഗ്വേർ പുറത്തേക്ക് അടിച്ച് കളഞ്ഞതോടെ ഇരു ടീമുകളും സമനിലയിൽ മടങ്ങി.