മറഡോണയുടെ മരണം; എട്ട് മെഡിക്കൽ ഉദ്യോഗസ്ഥരെ വിചാരണ ചെയ്യുമെന്ന് കോടതി
അർജന്റീനിയൻ ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണയുടെ മരണത്തിൽ കുറ്റകരമായ അനാസ്ഥ ആരോപിക്കപ്പെട്ട എട്ട് മെഡിക്കൽ ഉദ്യോഗസ്ഥർ വിചാരണ നേരിടണമെന്ന് കോടതി. ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത് 25 വര്ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ്. പ്രതികളുടെ വിചാരണയ്ക്കുള്ള തീയതി നിശ്ചയിച്ചിട്ടില്ല.
മറഡോണയെ പരിചരിക്കുന്നതിൽ മെഡിക്കൽ ഉദ്യോഗസ്ഥർ വീഴ്ചവരുത്തിയതാണ് അദ്ദേഹത്തെ മരണത്തിലേക്ക് നയിച്ചതെന്നാണ് പ്രോസിക്യൂഷൻ വാദം. മറഡോണയുടെ മരണത്തിന് മുമ്പ് ചികിത്സിച്ച ന്യൂറോസര്ജന് ലിയോപോള്ഡ് ലൂക്ക് ഉള്പ്പടെയുള്ള എട്ടു പേർക്കെതിരെ നരഹത്യക്ക് നേരത്തെ കേസെടുത്തിരുന്നു.
2020ൽ നടത്തിയ തലച്ചോറിലെ ശസ്ത്രക്രിയക്ക് ശേഷം വിശ്രമിക്കുന്നതിനിടെയുണ്ടായ ഹൃദയാഘാതത്തെ തുടർന്നാണ് 60-ആം വയസിൽ മറഡോണ മരണമടഞ്ഞത്. എന്നാൽ വേദനയുടെ സൂചനകള് 12 മണിക്കൂറോളം പ്രകടിപ്പിച്ചിട്ടും മറഡോണയെ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര് സമയത്ത് ആശുപത്രിയിലെത്തിക്കാൻ തയ്യാറായില്ലെന്നും മതിയായ വൈദ്യസഹായം ലഭിച്ചിരുന്നെങ്കിൽ ജീവന് നിലനിര്ത്താമായിരുന്നുവെന്നും മെഡിക്കല് ബോര്ഡ് നടത്തിയ പരിശോധനയില് കണ്ടെത്തിയിരുന്നു.