18 പന്തില്‍ 50, കത്തിക്കയറി നിക്കോളാസ് പുരാൻ! ഹൈദരാബാദിനെ തകര്‍ത്ത് ലഖ്നൗ

ഐപിഎല്ലില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിനു സീസണിലെ ആദ്യ ജയം. സണ്‍റൈസേഴ്സ് ഹൈദരാബാദിനെ അവര്‍ 5 വിക്കറ്റിനു അനായാസം വീഴ്ത്തി. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സ് ചേര്‍ത്തു. 16.1 ഓവറില്‍ 5 വിക്കറ്റ് മാത്രം നഷ്ടത്തില്‍ LSG 193 റണ്‍സടിച്ചു വിജയം സ്വന്തമാക്കി.
18 പന്തില്‍ അര്‍ധ സെഞ്ച്വറിയും 26 പന്തില്‍ 70 റണ്‍സ് അടിച്ചും നിക്കോളാസ് പുരാന് കത്തിക്കയറിയപ്പോള്‍ SRH ബൗളര്‍മാര്‍ ഉത്തരമില്ലാതെ നിന്നു. താരം 6 വീതം സിക്സും ഫോറും പറത്തി.
തുടക്കത്തില്‍ തന്നെ ഓപ്പണര്‍ എയ്ഡന്‍ മാര്‍ക്രത്തെ അവര്‍ക്ക് നഷ്ടമായിരുന്നു. എന്നാല്‍ പിന്നീട് മിച്ചല്‍ മാര്‍ഷിനൊപ്പം പുരാന് ചേര്‍ന്നതോടെ കഥ മാറി. മാര്‍ഷ് 31 പന്തില്‍ 7 ഫോറും 2 സിക്സും സഹിതം 52 റണ്‍സെടുത്തു.
ക്യാപ്റ്റന്‍ ഋഷഭ് പന്ത് ഒരു സിക്സടിച്ചൊക്കെ തുടങ്ങിയെങ്കിലും 15 റണ്‍സുമായി മടങ്ങി. ആയുഷ് ബദോനി 6 റണ്‍സുമായി പുറത്തായി. ഡേവിഡ് മില്ലര്‍ 13 റണ്‍സുമായി പുറത്താകാതെ നിന്നു. അബ്ദുല്‍ സമദ് 8 പന്തില്‍ 2 വീതം സിക്സും ഫോറും സഹിതം 22 റണ്‍സെടുത്തു ടീമിനെ അതിവേഗം ജയത്തിലെത്തിച്ചു.