രാജസ്ഥാന് മുന്‍ ക്യാപ്റ്റനെ ആര്‍ക്കും വേണ്ട, ഐപിഎല്‍ ലേലത്തില്‍ ആരും തിരിഞ്ഞ് നോക്കിയില്ല
ഐപിഎല്‍ ലേലത്തില്‍ വന്നെങ്കിലും ഓസ്ട്രേലിയന്‍ മുൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിനെ എല്ലാ ടീമുകളും തഴഞ്ഞു. ലേലത്തിനുള്ള 369 താരങ്ങളുടെ പട്ടികയില്‍ സ്മിത്തിന്റെ പേര് ഉള്‍പ്പെട്ടിരുന്നെങ്കിലും അബുദാബിയില്‍ ഒരു തവണ പോലും താരത്തെ വിളിച്ചില്ല.
പട്ടികയില്‍ 77ാമതാണ് സ്മിത്തിന്റെ പേരുണ്ടായിരുന്നത്. അതായത് ബാറ്റര്‍മാരുടെ രണ്ടാമത്തെ വിഭാഗത്തില്‍. ആദ്യ 10 സെറ്റുകള്‍ക്കു ശേഷമുള്ള ‘ആക്സലറേറ്റഡ്’ റൗണ്ടിലാണ് സ്റ്റീവ് സ്മിത്തിന്റെ പേര് പരിഗണിക്കേണ്ടിയിരുന്നത്. ആദ്യ 10 സെറ്റിലെ 70 താരങ്ങളെയാണ് ലേലത്തില്‍ നേരിട്ടു വിളിക്കുക. മറ്റുള്ളവരെ ഫ്രാഞ്ചൈസികള്‍ തിരഞ്ഞെടുക്കുന്ന ലിസ്റ്റില്‍നിന്നാണു വിളിക്കുക. 299 താരങ്ങളില്‍നിന്നാണ് ഈ പട്ടിക തയാറാക്കുന്നത്. പത്താം സെറ്റിന് ശേഷമുള്ള ഇടവേളയില്‍ ഫ്രാഞ്ചൈസികള്‍ ആവശ്യപ്പെട്ട താരങ്ങളിലും സ്റ്റീവ് സ്മിത്തിന്റെ പേരുണ്ടായില്ല. 2021ലാണ് സ്മിത്ത് അവസാനമായി ഐപിഎല്‍ കളിക്കുന്നത്.
17 താരങ്ങളുണ്ടായിരുന്ന അവസാന റൗണ്ടിലും സ്റ്റീവ് സ്മിത്ത് ഉണ്ടായിരുന്നില്ല. ഇതോടെ സ്മിത്തിനെ പൂര്‍ണമായും ഒഴിവാക്കുന്ന സമീപനമാണ് ഫ്രാഞ്ചൈികളില് നിന്നുണ്ടായത്. ഐപിഎലില്‍ വിവിധ സീസണുകളിലായി രാജസ്ഥാന് റോയല്‍സ്, പുണെ വാരിയേഴ്സ്, റൈസിങ് പുണെ സൂപ്പര്‍ജയന്റ്സ് ടീമുകളുടെ ക്യാപ്റ്റനായിരുന്ന താരമാണ് സ്മിത്ത്. 2021 സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനു വേണ്ടിയാണ് സ്മിത്ത് ഒടുവില്‍ കളിച്ചത്.













