കെഎസ്ആര്‍ടിസിയ്ക്ക് പ്രൊഫഷണല്‍ ക്രിക്കറ്റ് ടീം
കെഎസ്ആര്‍ടിസി പ്രൊഫഷണല്‍ ക്രിക്കറ്റ് ടീം രൂപീകരിച്ചു. എല്ലാ യൂണിറ്റുകളില്‍ നിന്നുമുള്ള ജീവനക്കാരില്‍ നിന്നും 15 പേര് അടങ്ങുന്ന ഒരു മെയിന്‍ ടീമിനെയും 9 പേര് അടങ്ങുന്ന റിസര്‍വ് പ്ലെയേഴ്സിനെയുമാണ് തെരഞ്ഞെടുത്തത്. ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ നിര്‍ദേശ പ്രകാരമാണ് ടീം രൂപീകരിച്ചത്.
ടീമിന്റെ പ്രാഥമിക തെരഞ്ഞെടുപ്പിന്റെ ഉദ്ഘാടനം ഒക്ടോബര്‍ മാസം 25ന് തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ചെയര്മാന് ആന്റ് മാനേജിങ് ഡയറക്ടര്‍ ആണ് നിര്‍വ്വഹിച്ചത്. തിരുവനന്തപുരം കൂടാതെ എറണാകുളം കളമശ്ശേരി സെന്റ് പോള്‍സ് ക്രിക്കറ്റ് ഗ്രൗണ്ടിലും തെരഞ്ഞെടുപ്പ് സംഘടിപ്പിച്ചിരുന്നു. പ്രൊഫഷണല്‍ രീതിയില്‍ കേരള ക്രിക്കറ്റ് അസോസിയേഷന് ആണ് സെലക്ഷൻ നടത്തിയത്.
പ്രാഥമിക സെലക്ഷനില്‍ പങ്കെടുത്ത 112 പേരില്‍നിന്നും 46 പേരെ തെരഞ്ഞെടുക്കുകയും നവംബര്‍ നാലിന് തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ അന്തിമ ടീമിനെ തെരഞ്ഞെടുക്കുകയും ചെയ്തു. ബുധനാഴ്ച ആനയറ സിഫ്റ്റ് ആസ്ഥാനത്ത് വച്ച് നടന്ന ചടങ്ങില്‍ ഗതാഗത വകുപ്പ് മന്ത്രി തെരഞ്ഞെടുക്കപ്പെട്ട കെഎസ്ആര്‍ടിസിയുടെ ക്രിക്കറ്റ് ടീമിനെ ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു.












