രഞ്ജി ട്രോഫി: കേരളത്തിന് ഇന്നിങ്സ് തോൽവി
രഞ്ജി ട്രോഫി ക്രിക്കറ്റിൽ നാണംകെട്ട തോൽവി ഏറ്റുവാങ്ങി കേരളം. ഇന്നിങ്സിനും 92 റൺസിനുമാണ് ചണ്ഡീഗഢിന്റെ ആധികാരിക വിജയം. ആദ്യ ഇന്നിങ്സിൽ 169 റൺസിന് കേരളത്തിനെ അവർ എറിഞ്ഞൊതുക്കിയിരുന്നു. ചണ്ഡീഗഡ് അവരുടെ ആദ്യ ഇന്നിങ്സിൽ 416 റൺസ് ആണ് നേടിയത്.
രണ്ടാം ഇന്നിങ്സിൽ ബാറ്റിങ് ആരംഭിച്ച കേരളത്തിന്റെ തുടക്കം തകർച്ചയോടെ ആയിരുന്നു. ഓപ്പണർമാരായ അഭിഷേക് ജെ നായർ നാല് റൺസിനും രോഹൻ കുന്നുമ്മൽ 11 റൺസിനും പുറത്തായി. സച്ചിൻ ബേബി,ബാബ അപരാജിതും ചേർന്ന് ടീമിനെ കര കയറ്റാൻ ശ്രമം നടത്തിയെങ്കിലും വിജയിക്കാനായില്ല. മധ്യ നിരയിൽ വിഷ്ണു വിനോദും (56) സൽമാൻ നിസാറും( 53) നേടിയ അർധസെഞ്ചുറിയാണ് വലിയ നാണക്കേടിൽ നിന്ന് കേരളത്തെ രക്ഷപെടുത്തിയത്.
ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീനും അങ്കിത് ശർമയും പൂജ്യത്തിന് മടങ്ങിയതോടെ കാര്യങ്ങൾ കേരളത്തിന്റെ കൈ വിട്ടു തുടങ്ങിയിരുന്നു. വാലറ്റക്കാർക്കും കാര്യമായ പ്രകടനം കാഴ്ച വെയ്ക്കാതെ മടങ്ങിയതോടെ കേരളത്തിന്റെ പോരാട്ടം 185 റൺസിന് അവസാനിക്കുക ആയിരുന്നു. ഈ മാസം 29 ന് ഗോവയ്ക്ക് എതിരെയാണ് കേരളത്തിന്റെ അടുത്ത മത്സരം.













