അരങ്ങേറ്റത്തില്‍ അര്‍ധ സെഞ്ച്വറിയടിച്ച് സാം കോണ്‍സ്റ്റാസ്; കരുത്തരായി ഓസീസ്
അരങ്ങേറ്റക്കാരന്‍ സാം കോണ്‍സ്റ്റാസിന്റെ കന്നി അര്‍ധ സെഞ്ച്വറിയുടെ ബലത്തില്‍ ഇന്ത്യക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ മികച്ച തുടക്കവുമായി ഓസ്ട്രേലിയ. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ ഓസീസ് 1 വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സെന്ന നിലയിലാണ്.
ടോസ് നേടി ഓസ്ട്രേലിയ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. അര്‍ധ സെഞ്ച്വറിയുമായി അരങ്ങേറ്റം അവിസ്മരണീയമാക്കിയാണ് കോണ്‍സ്റ്റാസ് വരവറിയിച്ചത്. 65 പന്തില്‍ 6 ഫോറും 2 സിക്സും സഹിതം കോണ്‍സ്റ്റാസ് 60 റണ്‍സെടുത്തു. ആദ്യ മൂന്ന് ടെസ്റ്റുകളിലും തിളങ്ങാതെ പോയ ഓപ്പണര്‍ മാക്സ്വീനിയെ ഒഴിവാക്കിയാണ് കൗമാരക്കാരനായ കോണ്‍സ്റ്റാസിനെ പ്ലെയിങ് ഇലവനിലേക്ക് വിളിച്ചത്. ആ വിളിയെ ന്യായീകരിക്കുന്ന പ്രകടനമാണ് താരം നടത്തിയത്.
മുതിര്‍ന്ന താരം ഉസ്മാന് ഖവാജയുമായി ചേര്‍ന്നു ഓപ്പണിങില്‍ 89 റണ്‍സ് ചേര്‍ത്താണ് കോണ്‍സ്റ്റാസ് മടങ്ങിയത്. രവീന്ദ്ര ജഡേജ താരത്തെ വിക്കറ്റിനു മുന്നില്‍ കുരുക്കിയാണ് മടക്കിയത്. നിലവില്‍ ഉസ്മാൻ ഖവാജ അർധ സെഞ്ച്വറി പിന്നിട്ട് ബാറ്റിങ് തുടരുന്നു. ഒപ്പം 21 റണ്‍സുമായി മര്‍നസ് ലാബുഷെയ്നും.
ഇന്ത്യൻ ടീമിൽ രവീന്ദ്ര ജഡേജയ്ക്കൊപ്പം വാഷിങ്ടന്‍ സുന്ദര്‍ പ്ലെയിങ് ഇലവനിലെത്തി. നിതീഷ് കുമാര്‍ റെഡ്ഡി സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ ശുഭ്മാന്‍ ഗില്ലാണ് പുറത്തായത്.