സഞ്ജുവും ടീമും മുംബൈ ഇന്ത്യൻസിനെതിരെ രണ്ടും കൽപ്പിച്ച്
ഐപിഎൽ 2024 സീസണിലെ മൂന്നാം മത്സരത്തിൽ ഇന്ന് മുംബൈ ഇന്ത്യൻസിനെ നേരിടാൻ ഒരുങ്ങുകയാണ് സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസ്. ആദ്യ രണ്ട് കളികളിലും മികച്ച വിജയങ്ങൾ നേടിയ റോയൽസ് തുടർച്ചയായ മൂന്നാം ജയം ലക്ഷ്യമിട്ടാണ് മുംബൈ ഇന്ത്യൻസിനെതിരെ ഇറങ്ങുന്നത്. മുംബൈ ഇന്ത്യൻസിന്റെ ഹോം ഗ്രൗണ്ടായ വാംഖഡെയിലാണ് മത്സരം. ഈ സീസണിൽ രാജസ്ഥാൻ റോയൽസ് കളിക്കാൻ ഒരുങ്ങുന്ന ആദ്യ എവേ മത്സരം കൂടിയാണിത്. നേരത്തെ ടീമിന്റെ ആദ്യ രണ്ട് മത്സരങ്ങളും ഹോം ഗ്രൗണ്ടായ ജയ്പൂരിലെ സവായ് മാൻസിങ് സ്റ്റേഡിയത്തിലാണ് നടന്നത്.
സീസണിലെ ആദ്യ രണ്ട് കളികളിലും ഒരേ പ്ലേയിങ് ഇലവനുമായാണ് രാജസ്ഥാൻ ഇറങ്ങിയത്. വിൻഡീസ് വെടിക്കെട്ട് ബാറ്ററായ റോവ്മാൻ പവൽ രണ്ട് കളിയും പുറത്തിരുന്നു. മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ പവൽ ടീമിലുണ്ടാകുമോയെന്ന ആകാംക്ഷ ആരാധകർക്കുണ്ട്. ഇത് നടക്കാനുള്ള സാധ്യതയും രാജസ്ഥാൻ റോയൽസിന്റെ സാധ്യത പ്ലേയിങ് ഇലവനും നോക്കാം.
ആദ്യ രണ്ട് കളികളിലും രാജസ്ഥാൻ റോയൽസിന്റെ ഇമ്പാക്ട് പ്ലേയർ ലിസ്റ്റിലുണ്ടായിരുന്നു റോവ്മാൻ പവൽ. എന്നാൽ രാജസ്ഥാൻ രണ്ട് കളികളിലും ആദ്യം ബാറ്റ് ചെയ്യുകയും മികച്ച സ്കോർ നേടുകയും ചെയ്തതിനാൽ പവലിനെ അവർക്ക് കളിക്കാനിറക്കേണ്ടി വന്നില്ല. ദക്ഷിണാഫ്രിക്കൻ ഫാസ്റ്റ് ബോളറായ നാന്ദ്രെ നർഗറായിരുന്നു ആദ്യ രണ്ട് മത്സരങ്ങളിലും റോയൽസിന്റെ ഇമ്പാക്ട് പ്ലേയർ. മുംബൈ ഇന്ത്യൻസിനെതിരെ രാജസ്ഥാൻ റോയൽസ് ആദ്യം ബാറ്റ് ചെയ്ത്, ബാറ്റിങ് തകർച്ച നേരിടുകയാണെങ്കിലാവും പവൽ പ്ലേയിങ് ഇലവനിലേക്ക് വരുക.
ഇന്ത്യൻ യുവ സെൻസേഷൻ യശസ്വി ജയ്സ്വാളും ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോസ് ബട്ലറും ചേർന്നാകും മുംബൈ ഇന്ത്യൻസിനെതിരെ രാജസ്ഥാൻ റോയൽസിന്റെ ബാറ്റിങ് ഓപ്പൺ ചെയ്യുക. ആദ്യ രണ്ട് മത്സരങ്ങളിലും പ്രതീക്ഷിച്ച മികവിലേക്ക് ഉയരാൻ സാധിക്കാതിരുന്ന ഇവർക്ക് മുംബൈക്കെതിരെ തിളങ്ങാനാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ക്യാപ്റ്റൻ സഞ്ജു സാംസണാകും മൂന്നാം നമ്പരിൽ. മിന്നും ഫോമിലുള്ള റിയാൻ പരാഗ് നാലാമനായി കളിക്കും. ആദ്യ രണ്ട് മത്സരങ്ങളിലും വെടിക്കെട്ട് ബാറ്റിങ് പ്രകടനങ്ങളായിരുന്നു പരാഗിന്റേത്. വിൻഡീസ് വെടിക്കെട്ട് ബാറ്റർ ഷിംറോൺ ഹെറ്റ്മെയറും, ഇന്ത്യൻ യുവ താരം ധ്രുവ് ജൂറലുമാകും മധ്യനിരയിലെ ബാറ്റിങ് കരുത്ത്. ഫിനിഷിങ്ങിന്റെ ചുമതലയും ഇവർക്കാകും.
ന്യൂസിലൻഡ് സ്റ്റാർ പേസർ ട്രെന്റ് ബോൾട്ടാകും മുംബൈ ഇന്ത്യൻസിനെതിരെയും രാജസ്ഥാൻ റോയൽസിന്റെ ബോളിങ് ഓപ്പൺ ചെയ്യുക. പവർപ്ലേ ഓവറുകളിലെ മികവ് ബോൾട്ടിന് മുംബൈയ്ക്കെതിരെയും ആവർത്തിക്കാനായാൽ രാജസ്ഥാന് കാര്യങ്ങൾ എളുപ്പമാകും. ആവേശ് ഖാനും സന്ദീപ് ശർമയുമാകും, ബോൾട്ടിന് കൂട്ടായി പേസ് നിരയിലുണ്ടാവുക. ഡെൽഹിക്കെതിരായ കഴിഞ്ഞ മത്സരത്തിൽ അവസാന ഓവറുകളിൽ മികച്ച രീതിയിൽ പന്തെറിഞ്ഞിരുന്നു ഇരുവരും. സ്പിൻ നിരയിലും മാറ്റമുണ്ടാകില്ല. ഇന്ത്യയുടെ സീനിയർ സ്പിന്നറായ ആർ അശ്വിനും യുസ്വേന്ദ്ര ചഹലുമാകും സ്പിൻ നിരയിൽ എത്തുക.