സൂപ്പര്‍ ലീഗ് കേരള: ആദ്യജയം മലപ്പുറം എഫ്സിക്ക്

മഹീന്ദ്ര സൂപ്പർ ലീഗ് കേരള ഫുട്ബാളില്‍ ആദ്യജയം മലപ്പുറം എഫ്സിക്ക്. ഫോഴ്സ കൊച്ചിയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് പരാജയപ്പെടുത്തിയത്.
മത്സരത്തിന്റെ ആദ്യാവസാനം കൊച്ചിക്ക് മേല്‍ ആധിപത്യം പുലർത്തിയാണ് മലപ്പുറത്തിന്റെ ആധികാരിക ജയം. താരനിരയുമായി എത്തിയ മലപ്പുറത്തിന് ഒരു ഘട്ടത്തിലും ഭീഷണിയാകാൻ മരിയോ ലെമോസിന്റെ സംഘത്തിന് ആയില്ല.
മത്സരം ആരംഭിച്ച മൂന്നാം മിനിറ്റില്‍ തന്നെ മലപ്പുറം നയം വ്യക്തമാക്കി. മുൻ ഐ ലീഗ് ഗോള്‍ഡൻ ബൂട്ട് വിന്നർ പേഡ്രോ മാൻസിയിലൂടെ ആദ്യ ഗോള്‍. ഗോള്‍ തിരിച്ചടിക്കാൻ കൊച്ചി ശ്രമിച്ചെങ്കിലും മലപ്പുറം വിട്ടുകൊടുത്തില്ല.
39ാം മിനിറ്റില്‍ മലയാളി താരം ഫസ്ലു റഹ്മാനിലൂടെ മലപ്പുറം ലീഡ് ഇരട്ടിയാക്കി. ആദ്യപകുതിയുടെ അവസാനം കൊച്ചി താരം ഡിസരി ഒമ്രന്‍ സുവർണ്ണ അവസരം ലഭിച്ചെങ്കിലും പന്ത് പുറത്തേക്ക് അടിച്ചു കളഞ്ഞു. രണ്ടാം പകുതിയിലും കൊച്ചി അലസ മനോഭാവത്തില്‍ കളിച്ചതോടെ ആദ്യ ജയം മലപ്പുറം സ്വന്തമാക്കി.