ട്വന്റി 20 വനിതാ ക്രിക്കറ്റ് ലോകകപ്പ് ഇന്നുമുതല്‍
ട്വന്റി20 വനിതാ ക്രിക്കറ്റ് ലോകകപ്പിന് ഇന്ന് തുടക്കം. യുഎഇയാണ് വേദി. ദുബായിലും ഷാർജയിലുമായി മത്സരങ്ങള്‍ അരങ്ങേറും.
ആദ്യകളിയില്‍ പകല്‍ 3.30ന് ബംഗ്ലാദേശ് അരങ്ങേറ്റക്കാരായ സ്കോട്ലൻഡിനെ നേരിടും. രാത്രി 7.30ന് ഏഷ്യൻ ശക്തികളായ ശ്രീലങ്കയും പാകിസ്ഥാനും ഏറ്റുമുട്ടും. ബംഗ്ലാദേശില്‍ നടക്കേണ്ടിയിരുന്ന ലോകകപ്പ് അവിടത്തെ സാഹചര്യം കണക്കിലെടുത്ത് യുഎഇയിലേക്ക് മാറ്റുകയായിരുന്നു.
ആകെ 10 ടീമുകളാണ്. രണ്ട് ഗ്രൂപ്പുകളിലായാണ് മത്സരം. ആദ്യ രണ്ട് സ്ഥാനക്കാർ സെമിയിലേക്ക് മുന്നേറും. ഫൈനല്‍ അടക്കം 23 കളികളാണ്. 20ന് ദുബായ് ഇന്റർനാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ഫൈനല്‍.
ഇന്ത്യ നിലവിലെ ചാമ്ബ്യൻമാരായ ഓസ്ട്രേലിയ, ന്യൂസിലൻഡ്, പാകിസ്ഥാൻ, ശ്രീലങ്ക ടീമുകള്‍ക്കൊപ്പം എ ഗ്രൂപ്പിലാണ്. ബി ഗ്രൂപ്പില്‍ ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, വെസ്റ്റിൻഡീസ്, ബംഗ്ലാദേശ്, സ്കോട്ലൻഡ് ടീമുകളും അണിനിരക്കുന്നു. ന്യൂസിലൻഡുമായി നാളെയാണ് ഇന്ത്യയുടെ ആദ്യകളി. ഹർമൻപ്രീത് കൗർ നയിക്കുന്ന സംഘത്തിന്റെ ലക്ഷ്യം ആദ്യകിരീടമാണ്. കഴിഞ്ഞ എട്ട് ലോകകപ്പില്‍ ഒരിക്കല്‍പ്പോലും ഇന്ത്യക്ക് കിരീടമില്ല. 2020ല്‍ റണ്ണറപ്പായതാണ് ഏകനേട്ടം. കഴിഞ്ഞതവണ സെമിയില്‍ തോറ്റു. 15 അംഗ ടീമില്‍ രണ്ട് മലയാളികളുണ്ട്. വയനാട്ടുകാരി സജന സജീവനും തിരുവനന്തപുരം സ്വദേശി ആശ ശോഭനയും.
ആറ് കിരീടം ഓസീസിന്
ഏറ്റവും കൂടുതല്‍ ലോകകപ്പ് നേടിയ ബഹുമതി ഓസ്ട്രേലിയക്ക്. പൂർത്തിയായ എട്ടു പതിപ്പില്‍ ആറും ഓസീസ് നേടി. കഴിഞ്ഞ മൂന്നുതവണയും ചാമ്ബ്യൻമാരായിരുന്നു. ഇംഗ്ലണ്ടാണ് ആദ്യ ലോകകപ്പ് (2009) ജേതാക്കള്‍. 2016ല്‍ വെസ്റ്റിൻഡീസും ജേതാക്കളായി. ബാക്കിയെല്ലാ കിരീടവും ഓസീസിനാണ്. 2023, 2020, 2018, 2014, 2002, 2000 ലോകകപ്പുകളാണ് നേടിയത്.