‘നന്ദി മഞ്ഞപ്പട, നിങ്ങളെ എപ്പോഴും ഓര്‍ക്കും’; ബ്ലാസ്റ്റേഴ്സിനോട് ബൈ പറഞ്ഞ് ഡയമന്റക്കോസ്
കോച്ച് ഇവാൻ വുകോമനോവിച്ചിന് പിന്നാലെ കേരള ബ്ലാസ്റ്റേഴ്സിന് കനത്ത തിരിച്ചടിയായി പ്രധാന സ്ട്രൈക്കർ ദിമിത്രിയോസ് ഡയമന്റ്ക്കോസ് ക്ലബ്ബ് വിട്ടു. രണ്ട് സീസണുകളിലായാണ് താരം കേരള ടീമില്‍ കളിച്ചത്.
കഴിഞ്ഞ സീസണില്‍ 13 ഗോളുകള്‍ നേടി ഐഎസ്എല്ലില്‍ ടോപ് സ്കോറർക്കുള്ള ഗോള്‍ഡൻ ബൂട്ട് നേടിയ മുന്നേറ്റനിര താരത്തെയാണ് കേരള ബ്ലാസ്റ്റേഴ്സിന് നഷ്ടമാകുന്നത്. ആദ്യ സീസണില്‍ 10 ഗോളുകളും താരം അടിച്ചിരുന്നു. ഇൻസ്റ്റഗ്രാമിലൂടെയാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.
“നിർഭാഗ്യവശാല്‍, ആവേശകരമായ സാഹസികതകളും അനുഭവങ്ങളും നിറഞ്ഞ ഈ 2 വിസ്മയിപ്പിക്കുന്ന കേരളത്തിലെ വർഷങ്ങള്‍ അവസാനിച്ചു… ഒരു ടീമെന്ന നിലയില്‍ ഞങ്ങള്‍ ഒരുമിച്ചു സ്നേഹിച്ച നിമിഷങ്ങള്‍ പ്രകടിപ്പിക്കാൻ എനിക്ക് വാക്കുകളില്ല. നിങ്ങള്‍ എന്നെ എന്നത്തേക്കാളും കൂടുതല്‍ സ്വാഗതം ചെയ്തു, അതില്‍ എനിക്ക് കൂടുതല്‍ നന്ദിയുള്ളവനായിരിക്കാൻ കഴിയില്ല. ഞങ്ങളുടെ ആരാധകരില്‍ നിന്ന് ആദ്യ ദിവസം മുതല്‍ എനിക്ക് ലഭിച്ച തുടർച്ചയായ പിന്തുണയും സ്നേഹവും അവിശ്വസനീയമാണ്. നന്ദി മഞ്ഞപ്പട, ഞാൻ നിങ്ങളെ എപ്പോഴും ഓർക്കും, നിങ്ങള്‍ക്ക് ആശംസകള്‍ നേരുന്നു,” ദിമി പറഞ്ഞു.
ടീമിന് പുതു ഊർജ്ജമേകിയ കോച്ചിനേയും പ്രധാന സ്ട്രൈക്കറേയും നഷ്ടപ്പെടുത്തിയാണ് ബ്ലാസ്റ്റേഴ്സ് മുന്നോട്ടു പോകുന്നത്. ആരാധകരും ഈ തീരുമാനത്തോട് ഞെട്ടലോടെയാണ് പ്രതികരിച്ചത്.