19ാം ഏഷ്യൻ ഗെയിംസിന് ഇന്ന് ചൈനീസ് നഗരമായ ഹാങ്ചോവില്‍ ഔദ്യോഗിക തുടക്കം
ലോകത്തെ ഏറ്റവും വലിയ ഭൂഖണ്ഡത്തിലെ താരങ്ങള്‍ കായികക്കരുത്തും പ്രതിഭയും തെളിയിക്കാനിറങ്ങുന്ന ഏഷ്യൻ ഗെയിംസിന് ചൈനയിലെ ക്വിയാന്റങ് നദീതീരത്തെ ഹാങ്ചോ ഒളിമ്പിക് സ്പോര്‍ട്സ് സെന്റര്‍ സ്റ്റേഡിയത്തില്‍ ഇന്ന് ഔദ്യോഗിക തുടക്കമാവും.
താമരയുടെ ആകൃതിയില്‍ രൂപകല്പന ചെയ്തതിനാല്‍ ബിഗ് ലോട്ടസ് എന്നുകൂടി വിളിപ്പേരുള്ള സ്റ്റേഡിയത്തില്‍ വര്‍ണാഭമായ ഉദ്ഘാടനച്ചടങ്ങുകളാണ് ഇന്ത്യൻ സമയം വൈകീട്ട് 5.30 മുതല്‍ നടക്കുക. നാല് വര്‍ഷം കൂടുമ്പോള്‍ സംഘടിപ്പിക്കാറുള്ള ഏഷ്യാഡ് കോവിഡ് പ്രതിസന്ധി കാരണം 2022ല്‍ നിന്ന് 2023ലേക്ക് മാറ്റുകയായിരുന്നു. 45 രാജ്യങ്ങളിലെ 12000ത്തിലധികം താരങ്ങളാണ് 19ാം ഗെയിംസില്‍ മാറ്റുരക്കുന്നത്.
നിര്‍മിതബുദ്ധിയുടെയും പരിസ്ഥിതി സൗഹൃദ സാങ്കേതികവിദ്യയുടെയും ഘടകങ്ങളുമായി രാജ്യത്തിന്റെ ആധുനിക വീക്ഷണം ആഘോഷിക്കുന്നതിനൊപ്പം ഉദ്ഘാടന ചടങ്ങ് ചൈനയുടെ സമ്ബന്നമായ പൈതൃകത്തെയും അടയാളപ്പെടുത്തും. ഡിജിറ്റല്‍ ദീപശിഖ തെളിയിക്കുന്ന ആദ്യ വൻകര കായികമേള കൂടിയാണ് ഹാങ്ചോ ഏഷ്യൻ ഗെയിംസ്.
ദീപശിഖ വാഹകര്‍ ഡിജിറ്റല്‍ തീജ്വാലകളെ ക്വിയാന്റങ് നദിയിലെ ഡിജിറ്റല്‍ മനുഷ്യരൂപമാക്കി മാറ്റും. ത്രീഡി അനിമേഷനും ഓഗ്മെന്റഡ് റിയാലിറ്റിയും പുകയില്ലാത്ത ഇലക്ട്രോണിക് വെടിക്കെട്ടുമായി ഒളിമ്ബിക് സ്പോര്‍ട്സ് സെന്റര്‍ സ്റ്റേഡിയം 80,000 പേര്‍ക്കിരിക്കാവുന്ന ഗാലറിയുടെയും ടി.വിയില്‍ ചടങ്ങുകള്‍ കാണുന്ന ദശലക്ഷക്കണക്കിന് കായികപ്രേമികളുടെയും കരഘോഷം ഏറ്റുവാങ്ങും.
ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്, കംബോഡിയൻ രാജാവ് നൊറോഡോം സിഹാമോണി, സിറിയൻ പ്രസിഡന്റ് ബശര്‍ അല്‍ അസദ്, ദക്ഷിണ കൊറിയൻ പ്രധാനമന്ത്രി ഹാൻ ഡക്ക്-സൂ തുടങ്ങിയ രാഷ്ട്രത്തലവന്മാരും വിദേശ പ്രമുഖരും പങ്കെടുക്കും.