ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഇന്ന് മുതൽ; തലയെടുപ്പോടെ സിറ്റി
ഇന്ന് ഇന്ത്യൻ സമയം 12.30 ന് തുടങ്ങുന്ന ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിൽ ബേൺലി ആണ് സിറ്റിയുടെ എതിരാളികൾ. കഴിഞ്ഞ സീസണില്‍ പ്രീമിയര്‍ ലീഗ് കിരീടവും ചാമ്പ്യൻസ് ലീഗും ഉള്‍പ്പെടെ മൂന്ന് കിരീടങ്ങളാണ് സിറ്റി സ്വന്തമാക്കിയത്. ഇക്കുറിയും വിജയം തുടരാനാണ് പെപ് ഗ്വാര്‍ഡിയോളയും സംഘവും ഇറങ്ങുന്നത്.
കഴിഞ്ഞ ആറ് സീസണിനിടെ അഞ്ചുതവണയാണ് സിറ്റി കിരീടം ചൂടിയത്. ഗ്വാര്‍ഡിയോളയ്ക്ക് ഇത് എട്ടാം സീസണാണ്. സിറ്റിയില്‍ ഏതാണ്ട് എല്ലാം നേടിക്കഴിഞ്ഞു ഈ പരിശീലകൻ. മൈക്കേല്‍ അര്‍ടേറ്റയുടെ അഴ്സണല്‍, എറിക് ടെൻ ഹാഗിന്റെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, യുര്‍ഗൻ ക്ലോപ്പിന്റെ ലിവര്‍പൂള്‍, മൗറീസിയോ പൊച്ചെട്ടീനോയുടെ ചെല്‍സി എന്നീ ക്ലബ്ബുകളായിരിക്കും സിറ്റിക്ക് വെല്ലുവിളി ഉയര്‍ത്തുക. ലുട്ടണ്‍ എഫ്സി, ബേണ്‍ലി, ഷെഫീല്‍ഡ് യുണൈറ്റഡ് എന്നീ ക്ലബ്ബുകളാണ് സീസണിലെ നവാഗതര്‍. ഇതില്‍ ബേണ്‍ലി മുൻ സിറ്റി താരം വിൻസെന്റ കൊമ്പാനി പരിശീലിപ്പിക്കുന്ന ടീമാണ്.
എര്‍ലിങ് ഹാലണ്ടായിരിക്കും ഈ സീസണിലും സിറ്റിയുടെ ഗോള്വേട്ടക്കാരൻ. സിറ്റിക്കായി കഴിഞ്ഞ സീസണില്‍ 35 കളിയില്‍ 36 ഗോളാണ് ഹാലണ്ട് നേടിയത്. എട്ടെണ്ണത്തിന് അവസരവുമൊരുക്കി.
സിറ്റിയുമായി ഇഞ്ചിനിഞ്ച് പോരാട്ടം നടത്തിയാണ് ആഴ്സണല്‍ കഴിഞ്ഞ സീസണ് അവസാനിപ്പിച്ചത്. ഗ്വാര്‍ഡിയോളയുടെ സംഘത്തെ ഷൂട്ടൗട്ടില്‍ കീഴടക്കി കമ്യൂണിറ്റി ഷീല്‍ഡുമായി പുതിയ സീസണിന് മികച്ച ഒരുക്കം നടത്താനും ആഴ്സണലിന് കഴിഞ്ഞു. ഇക്കുറി താരലേല വിപണിയില്‍ കൂടുതല്‍ പണമിറക്കിയതും അഴ്സണലാണ്. ബുക്കായോ സാക്കയാണ് ടീമിന്റെ കുന്തമുന. കയ് ഹവേര്‍ട്സ്, ഡെക്ലൻ റൈസ്, ലിയാൻഡ്രോ ട്രൊസാര്‍ഡ് എന്നിവരെയാണ് ഈ സീസണില്‍ കൊണ്ടുവന്നത്. നാളെ നോട്ടിങ്ഹാം ഫോറസ്റ്റുമായാണ് ആദ്യകളി.
കഴിഞ്ഞ സീസണില്‍ മൂന്നാംസ്ഥാനം നേടിയ മാഞ്ചസ്റ്റർ യുണൈറ്റഡ് കിരീടം ലക്ഷ്യമിട്ടാണ് ഇറങ്ങുന്നത്. ടെൻ ഹാഗിന് കീഴില്‍ ടീം ഏറെ മെച്ചപ്പെട്ടു. ബ്രൂണോ ഫെര്‍ണാണ്ടസും മാര്‍കസ് റാഷ്ഫഡും മുന്നോട്ടുള്ള പോക്കില്‍ നിര്‍ണായകമാകും. റാസ്മസ് ഹൊയ്ലുണ്ട്, മാസണ് മൗണ്ട്, ഗോള്‍ കീപ്പര്‍ ആന്ദ്രേ ഒനാന എന്നിവരാണ് പുതുതായി എത്തിയവര്‍. ഞായറാഴ്ച വൂള്വ്സുമായാണ് യുണൈറ്റഡിന്റെ ആദ്യകളി.
കഴിഞ്ഞ എട്ട് സീസണില്‍ ആദ്യമായാണ് ലിവര്‍പൂളിന് ചാമ്പ്യൻസ് ലീഗ് യോഗ്യത നഷ്ടമാകുന്നത്. ഈ സീസണിലും ഒരുപിടി താരങ്ങള്‍ ക്ലബ് വിട്ടു. താരലേലത്തില്‍ വലിയ രീതിയില്‍ സജീവമാകാനും കഴിഞ്ഞില്ല. എങ്കിലും മുഹമ്മദ് സലായുടെ മികവില്‍ കുതിക്കാമെന്നാണ് ക്ലോപ്പിന്റെ കണക്കുകൂട്ടല്‍. അലെക്സിസ് മക് അല്ലിസ്റ്റും ഡൊമിനിക് സൊബൊസ്ലായിയുമാണ് പുതിയ താരങ്ങള്‍. ഞായറാഴ്ച ചെല്‍സിയുമായാണ് ആദ്യകളി.
അപ്രതീക്ഷിത തിരിച്ചടിയില്‍നിന്നുള്ള കരകയറ്റമാണ് ചെല്‍സി ലക്ഷ്യമിടുന്നത്. കഴിഞ്ഞ സീസണിൽ 12–-ാംസ്ഥാനത്തായിരുന്നു. പരിശീലകനായി പൊച്ചെട്ടീനോ എത്തിയത് ഗുണകരമാകും. അതിനിടെ പ്രധാന സ്ട്രൈക്കര്‍ ക്രിസ്റ്റഫൻ എൻകുങ്കുവിന്റെ പരിക്ക് ചെല്‍സിക്ക് ക്ഷീണമാകും. അവസാന സീസണിലെ നാലാംസ്ഥാനക്കാരായ ന്യൂകാസില്‍ യുണൈറ്റഡ് അത്ഭുതങ്ങള്‍ തുടരാനുള്ള ഒരുക്കത്തിലാണ്. ഹാരി കെയ്ൻ പോകുന്നത് ടോട്ടനം ഹോട്സ്പറിന് തിരിച്ചടിയാകും.