പ്ലേ ഓഫ് പ്രതീക്ഷകള്‍ നിലനിർത്താന്‍ ജയം മാത്രം ലക്ഷ്യം; ബ്ലാസ്റ്റേഴ്സ് ഇന്ന് ഈസ്റ്റ് ബംഗാളിനെതിരെ
ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് കൊല്‍ക്കത്ത ഈസ്റ്റ് ബംഗാളിനെ നേരിടും. പ്ലേ ഓഫ് പ്രതീക്ഷകള്‍ നിലനിര്‍ത്താന്‍ ജയം ലക്ഷ്യമിട്ടാണ് ബ്ലാസ്റ്റേഴ്സ് ഇന്ന് എതിരാളികളുടെ തട്ടകത്തിലിറങ്ങുന്നത്. പശ്ചിമ ബംഗാളിലെ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ വൈകിട്ട് 7.30നാണ് കിക്കോഫ്.
നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരായ കഴിഞ്ഞ മത്സരത്തില്‍ പത്തുപേരുമായി പൊരുതി ഗോള്‍രഹിത സമനില നേടാന്‍ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് ബ്ലാസ്റ്റേഴ്സ്. അവസാന മൂന്ന് മത്സരങ്ങളിൽ രണ്ട് വിജയവും ടീം നേടിയിട്ടുണ്ട്. പതിനേഴ് മത്സരങ്ങളില്‍ 21 പോയിന്റുമായി നിലവിൽ എട്ടാം സ്ഥാനത്താണ് ടീം.
ഈസ്റ്റ് ബംഗാളിനെതിരെ കൊച്ചിയില്‍ നേടിയ വിജയം ആവര്‍ത്തിക്കാനാണ് ബ്ലാസ്റ്റേഴ്സിന്റെ ലക്ഷ്യം. ഇന്നത്തെ മത്സരത്തിൽ മികച്ച മത്സരഫലം സ്വന്തമാക്കിയാല്‍ ബ്ലാസ്റ്റേഴ്സിന് പ്ലേ ഓഫ് സാധ്യതകൾ വർധിപ്പിക്കാൻ സാധിക്കും. ഏഴ് മത്സരങ്ങള്‍ ബാക്കി നില്‍ക്കെ എട്ടാം സ്ഥാനത്തുള്ള ബ്ലാസ്റ്റേഴ്സിന് പ്ലേ ഓഫ് സാധ്യതകള്‍ ഇപ്പോഴും സജീവമാണ്.