സെഞ്ച്വറി അടിച്ച സഞ്ജുവല്ല കളിയിലെ താരം, അത് മുഹമ്മദ് ആഷിഖാണ്; മിന്നുന്ന പ്രകടനവുമായി മൂന്നാം മത്സരത്തിലും പ്ലെയർ ഓഫ് ദി മാച്ച്, കേരളത്തിൻറെ പുത്തൻ ക്രിക്കറ്റ് വാഗ്ദാനം

ഇന്നലെ നടന്നത് കേരള ക്രിക്കറ്റ് ലീഗിലെ ഏറ്റവും ആവേശം നിറഞ്ഞ ഒരു മത്സരമായിരുന്നു എന്ന് പറയാം. വെടിക്കെട്ട് ബാറ്റിങ്ങുമായി സഞ്ജു സാംസൺ നിറഞ്ഞാടിയ അവസാന ബോൾ ത്രില്ലറിൽ, കൊല്ലം സെയിലേഴ്സിനെ മറികടന്ന് കൊച്ചി വിജയം കണ്ടെത്തി. കെസിഎല്ലിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്കോർ പിറന്ന പോരാട്ടത്തിൽ അവസാന പന്തുവരെ ആവേശം നിറഞ്ഞു നിന്നിരുന്നു.
ഗ്രീൻഫീൽഡിൽ ബാറ്റെടുത്ത മിക്കവരും കളം നിറഞ്ഞപ്പോൾ ആവേശം അതിന്റെ മൂർധന്യത്തിലെത്തി. 473 റൺസാണ് ഇരു ടീമുകളുംകൂടി അടിച്ചെടുത്തത്. ഈയൊരു മത്സരത്തിൽ നിന്ന് 26 സിക്സറും 36 ബൗണ്ടറികളും ആണ് വന്നത്. ആദ്യ ഇന്നിങ്സിൽ കൊല്ലത്തിനായി വിഷ്ണു വിനോദും സച്ചിൻബേബിയും നടത്തിയ പ്രകടനത്തിനു അതേ നാണയത്തിൽ തിരിച്ചടി നൽകാൻ സഞ്ജുവിനും ടീമിനും കഴിഞ്ഞു.
41 പന്തിൽ പത്ത് കൂറ്റൻ സിക്സറുകളോടെയാണ് വിഷ്ണു വിനോദ് 94 റൺസ് അടിച്ചെടുത്തത്. 44 പന്തിൽ ആറ് സിക്സറുകൾ അടിച്ച് സച്ചിൻ ബേബി 91 റൺസ് നേടി. അങ്ങനെ കൊല്ലം 237 എന്ന വിജയലക്ഷ്യമാണ് കൊച്ചിയുടെ മുന്നിൽ വെച്ചത്.
ഓപ്പണർ ആയിറങ്ങിയ സഞ്ജു ആദ്യ പന്തുതന്നെ ബൗണ്ടറി കടത്തിയാണ് തിരിച്ചടി തുടങ്ങിയത്. ആ ഓവറിൽത്തന്നെ ഒരു സിക്സറുൾപ്പെടെ 14 റൺസും നേടി. വെറും 14 പന്തിൽ കെസിഎല്ലിലെ വേഗതയേറിയ അർധസെഞ്ചുറിയും സഞ്ജു നേടി. ആറ് ഓവറിൽ കൊച്ചി 100 റൺസ് പിന്നിട്ടു.
42 പന്തിൽ സെഞ്ചുറി നേടിയ സഞ്ജു 19-ാം ഓവറിലാണ് പുറത്താവുന്നത്. എന്നാൽ, അതോടെ മത്സരത്തിലെ അആവേശനം തീർന്നിരുന്നില്ല. പതറാതെ നിന്ന് കളിച്ച മുഹമ്മദ് ആഷിക് അവസാന പന്തിൽ ഒരു കൂറ്റൻ സിക്സറുമായി കൊച്ചിയെ വിജയത്തിലേക്കു നയിച്ചു. അവസാന ഓവറിൽ ജയിക്കാൻ 17 റൺസ് വേണമായിരുന്നു. ആദ്യ ബോൾ ബൗണ്ടറിയും പിന്നീട് സിക്സും നേടിയെങ്കിലും അവസാന പന്തിൽ ജയിക്കാൻ ആറ് റൺസ് വേണ്ടിയിരുന്നു. അപ്പോളാണ് ലോങ്ങോണിലെ കൂറ്റൻ സിക്സിലൂടെ മുഹമ്മദ് ആഷിക് കൊച്ചിക്ക് വിജയം സമ്മാനിച്ചത്.
ആരാണ് ആഷിക് മുഹമ്മദ് എന്ന് ചോദിച്ചാൽ ഒരു പേസ് ബൗളിങ് ഓള്‍റൗണ്ടറാണ് എന്ന് പറയാം. ഇന്നലെ ഒരു വിക്കറ്റും 18 പന്തില്‍ പുറത്താകാതെ 45 റണ്‍സും നേടി പ്ലെയർ ഓഫ് ദി മാച്ച് ആയി. ഇന്നലെ മാത്രമല്ല ആദ്യം നടന്ന രണ്ടു കളികളിലും ആഷിക് തന്നെ ആയിരുന്നു പ്ലെയര്‍ ഓഫ് ദി മാച്ച്.
കൊച്ചി ബ്ലൂ ടൈഗേഴ്സിനായി സഞ്ജു സാംസണ് കിടിലൻ ബാറ്റിങ് നടത്തിയപ്പോള്‍, ശരിക്കും കൊച്ചിയുടെ ടൈഗര്‍ ആയി മാറിയ താരമായിരുന്നു മുഹമ്മദ് ആഷിഖ്.
ബൗളിങ് ഓള്‍റൗണ്ടറായ ആഷിഖ് ആറാമനായാണ് ക്രീസിലെത്തിയത്. 18 പന്തില്‍ പുറത്താവാതെ അഞ്ച് സിക്സറുകളും മൂന്ന് ബൗണ്ടറികളും നേടി 45 റൺസാണ് അയച്ച് കൂട്ടിയത്. ആഷിക്കിന്റെ അവസാന ഓവറിലെ പ്രകടനം ഇല്ലായിരുന്നെങ്കിൽ സഞ്ജു സാംസണിന്റെ മാസ്മരിക ഇന്നിങ്സ് പാഴായി പോകുമായിരുന്നു. മീഡിയം പേസറായ ആഷിഖ് മല്‍സരത്തില്‍ ഒരു വിക്കറ്റും നേടിയിരുന്നു.
പേസ് ബൗളിങ് ഓള്‍റൗണ്ടര്‍മാര്‍ക്ക് വലിയ ഡിമാന്റുള്ള ഐപിഎല്ലില്‍ ആഷിഖിനെ സമീപകാലത്ത് തന്നെ കാണ കഴിയുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. ഐപിഎല്ലിന്റെ സ്കൗട്ടിങ് ടീമുകള്‍ പുതിയ താരങ്ങള്‍ക്കായി കെസിഎല്‍-2 നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്.
കൊച്ചിയുടെ ആദ്യ മല്‍സരങ്ങളിലും ആഷിഖ് പ്ലെയര്‍ ഓഫ് ദി മാച്ച് ആയിരുന്നു. ആലപ്പി റിപ്പിള്‍സിനെതിരെ മൂന്ന് ഓവറില്‍ 17 റണ്‍സിന് നാല് വിക്കറ്റ് വീഴ്ത്തി. ഇതില്‍ മൂന്ന് വിക്കറ്റുകളും ഒരു ഓവറിലായിരുന്നു. ട്രിവാന്‍ഡ്രത്തിനെതിരെ മൂന്ന് ഓവറില്‍ 14 റണ്‍സിന് മൂന്ന് വിക്കറ്റ് നേടിയാണ് ആഷിക് കളിയിലെ താരമായത്.
വിഘ്നേഷ് പുത്തൂർ ആയിരുന്നു കഴിഞ്ഞ സീസണിൽ ഐപിഎല്ലിൽ ശ്രദ്ധ നേടിയ മലയാളി താരം. സ്ഥിരമായി മികച്ച പ്രകടനം കാഴ്ച വെക്കുന്ന മുഹമ്മദ് ആഷിക് തീർച്ചയായും ഐപിഎല്ലിലേക്ക് ഒരു വാഗ്ദാനമാണ്. സഞ്ജുവിന്റെ ഗംഭീര പ്രകടനത്തിൽ പല മാധ്യമങ്ങളും മുഹമ്മദ് ആഷികിനെ മറന്നു പോകുന്നുണ്ട്. എന്നാൽ കെ സി എൽ സംഘാടകർക്ക് തെറ്റിയില്ല. മാന്‍ ഓഫ് ദി മാച്ചായി ആഷികിനെ തെരഞ്ഞെടുക്കാൻ അവർക്ക് ഒട്ടും ആലോചിക്കേണ്ടി വന്നില്ല. ഗ്രീൻഫീൽഡിൽ നിറഞ്ഞ ആൾക്കൂട്ടവും വിളിച്ച് പറഞ്ഞ പേര് ആഷിഖിന്റെത് തന്നെ ആയിരുന്നു.