വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പിന് ഇന്ന് തുടക്കം; ആദ്യമത്സരത്തിൽ ഇന്ത്യ ശ്രീലങ്കയുമായി ഏറ്റുമുട്ടും

വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പിന് ഇന്ന് തുടക്കം. ആദ്യമത്സരത്തിൽ ആതിഥേയരായ ഇന്ത്യ ശ്രീലങ്കയെ നേരിടും. പകൽ മൂന്നിന് ഗുവാഹത്തിയിലെ ബർസപര സ്റ്റേഡിയത്തിലാണ് മത്സരം. പതിമൂന്നാം ലോകകപ്പിൽ എട്ട് ടീമുകളാണ് മാറ്റുരയ്ക്കുന്നത്.
ഇന്ത്യക്കും ശ്രീലങ്കക്കും പുറമേ ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലൻഡ്, പാകിസ്ഥാൻ, ബംഗ്ലാദേശ്, ദക്ഷിണാഫ്രിക്ക ടീമുകളാണ് മത്സരരംഗത്തുള്ളത്. പാകിസ്ഥാന്റെ മത്സരങ്ങളെല്ലാം ലങ്കൻ തലസ്ഥാനമായ കൊളംബോയിലാണ്. ശ്രീലങ്കയുടെ ചില മത്സരങ്ങളടക്കം കൊളംബോയിൽ 11 കളിയുണ്ട്.
ആകെ 31 മത്സരങ്ങളാണ് ഉണ്ടാകുക. ഗുവാഹത്തിക്ക് പുറമെ ഇൻഡോർ, വിശാഖപട്ടണം, നവി മുംബൈ എന്നിവയാണ് ഇന്ത്യയിലെ വേദികൾ. നവി മുംബെൈയിൽ നവംബർ രണ്ടിനാണ് ഫൈനൽ. പാകിസ്ഥാൻ ഫൈനലിൽ കടക്കുകയാണെങ്കിൽ ഫൈനൽ കൊളംബോയിലാകും നടക്കുക. നിലവിലെ ചാംപ്യന്മാരായ ഓസ്ട്രേലിയ ഏഴു തവണ ജേതാക്കളായിട്ടുണ്ട്.