വാക്കുകള്‍ വളച്ചൊടിച്ചു; വിരമിക്കല്‍ വാര്‍ത്തകള്‍ തള്ളി മേരി കോം
വിരമിക്കല്‍ വാർത്തകള്‍ തള്ളി ഇതിഹാസ ബോക്സിംഗ് താരം എം സി മേരികോം. വിരമിക്കല്‍ വാർത്തകള്‍ സത്യമല്ലെന്നും വാക്കുകള്‍ വളച്ചൊടിക്കുകയായിരുന്നുവെന്നും ഒളിമ്ബിക് മെഡല്‍ ജേതാവും ആറുതവണ ലോക ചാമ്ബ്യനുമായ മേരി കോം മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.
‘മാദ്ധ്യമ സുഹൃത്തുക്കളേ, ഞാൻ ഇപ്പോഴും എന്റെ വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടില്ല. എന്റെ വാക്കുകള്‍ തെറ്റായി വ്യാഖാനിക്കുകയായിരുന്നു. പ്രഖ്യാപിക്കാൻ സമയമാകുമ്ബോള്‍ ഞാൻതന്നെ മാദ്ധ്യമങ്ങളുടെ മുന്നിലെത്തും. വിരമിക്കല്‍ പ്രഖ്യാപിച്ചതായുള്ള വാർത്തകള്‍ കണ്ടിരുന്നു. എന്നാല്‍ അവ സത്യമല്ല. ജനുവരിയില്‍ ദിബ്രുഗാർഹിലെ ഒരു സ്കൂളില്‍ നടന്ന ചടങ്ങില്‍ കുട്ടികളോട് സംവദിക്കുന്നതിനിടെ പറഞ്ഞ വാക്കുകളാണ് വളച്ചൊടിക്കപ്പെട്ടത്.
കായികമേഖലയില്‍ നേട്ടങ്ങള്‍ കൊയ്യാൻ എനിക്കിപ്പോഴും ആഗ്രഹമുണ്ട്. എനിക്ക് ബോക്സിംഗ് ചെയ്യാൻ ഇനിയും സാധിക്കുമെങ്കിലും ഒളിംപിക്സിലെ പ്രായപരിധി എന്നെ പങ്കെടുക്കാൻ അനുവദിക്കില്ല. ഞാൻ ഇപ്പോഴും എന്റെ ഫിറ്റ്നസില്‍ ശ്രദ്ധച്ചെലുത്തുകയാണ്. ഞാൻ വിരമിക്കല്‍ പ്രഖ്യാപിക്കുമ്ബോള്‍ ഞാൻ എല്ലാവരെയും അറിയിക്കും. ദയവായി വാർത്തകള്‍ തിരുത്തൂ’- മേരി കോം വ്യക്തമാക്കി.