നിരാശപ്പെടുത്തി വൈഭവ് സൂര്യവൻഷിയും ആയുഷ് മാത്രെയും, ഓസ്ട്രേലിയക്കെതിരായ യൂത്ത് ടെസ്റ്റില്‍ ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച

ഓസ്ട്രേലിയ അണ്ടര്‍ 19 ടീമിനെതിരായ രണ്ടാം യൂത്ത് ടെസ്റ്റില്‍ ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ അണ്ടര്‍ 19 ടീമിന്റെ ആദ്യ ഇന്നിംഗ്സ് 135 റണ്‍സില്‍ അവസാനിപ്പിച്ച്, ഏറെ പ്രതീക്ഷകളോടെ ഒന്നാം ഇന്നിംഗ്സ് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ അണ്ടര്‍ 19 ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 80 റണ്‍സെന്ന നിലയിലാണ്.
20 റണ്‍സെടുത്ത് വേദാന്ത് ത്രിവേദിയാണ് ക്രീസില്‍. ഓപ്പണര്‍മാരായ വിഹാന് മല്‍ഹോത്ര, ക്യാപ്റ്റൻ ആയുഷ് മാത്രെ, വൈഭവ് സൂര്യവന്‍ഷി, രാഹുല്‍ കുമാര്‍ എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. ഓസ്ട്രേലിയക്കായി വില്‍ ബ്യോണ്‍ രണ്ട് വിക്കറ്റെടുത്തു.
നേരത്തെ ടോസ് നേടി ക്രീസിലിറങ്ങിയ ഓസ്ട്രേലിയ അണ്ടര്‍ 19 ടീമിന്റെ ഒന്നാം ഇന്നിംഗ്സ് 135 റണ്‍സിന് അവസാനിപ്പിച്ചാണ് ഇന്ത്യൻ യുവനിര മേല്‍ക്കൈ നേടിയത്. 66 റണ്‍സ് നേടിയ വിക്കറ്റ് കീപ്പര്‍ അലക്സ് ലീ യംഗ് മാത്രമാണ് ഓസീസിനായി പൊരുതിയത്. യാഷ് ദേശ്മുഖ് 22 റണ്‍സെടുത്തപ്പോള്‍ 10 റണ്‍സെടുത്ത ക്യാപ്റ്റൻ വില്‍ മലാസുക്ക് ആണ് ഓസീസ് നിരയില്‍ രണ്ടക്കം കടന്ന മൂന്നാമത്തെ താരം. ഇന്ത്യക്കായി ഹെനില്‍ പട്ടേലും ഖിലന്‍ പട്ടേലും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ഉദ്ധവ് മോഹന്‍ രണ്ട് വിക്കറ്റെടുത്തു. രണ്ട് മത്സര പരമ്പരയിലെ ആദ്യ ടെസ്റ്റ് ഇന്ത്യ അണ്ടര്‍ 19 ഇന്നിംഗ്സിനും 58 റണ്‍സിനും ജയിച്ചിരുന്നു.നേരത്തെ ഏകദിന പരമ്പരയിലെ മൂന്ന് മത്സരങ്ങളും ജയിച്ച് പരമ്പര തൂത്തുവാരി ഇന്ത്യൻ യുവനിരക്ക് ഈ ടെസ്റ്റ് കൂടി ജയിച്ചാല്‍ ടെസ്റ്റ് പരമ്പരയും തൂത്തുവാരാം.