ബോക്സിങ് ഡേ ടെസ്റ്റിന് കാണികൾ 93,442; മെല്‍ബണ്‍ ഗ്രൗണ്ടിന് പുതിയ റെക്കോര്‍ഡ്
ക്രിസ്മസ് കഴിഞ്ഞ് ആഷസ് പരമ്പരയിലെ നാലാം ടെസ്റ്റ് കാണാനായി മെല്‍ബണ്‍ ക്രിക്കറ്റ് മൈതാനത്തേക്ക് ഒഴുകിയെത്തിയത് ഒരു ലക്ഷത്തിനടത്ത് ആരാധകരാണ്. ഓസ്ട്രേലിയയും ഇംഗ്ലണ്ടും തമ്മിലുള്ള ബോക്സിങ് ഡേ ടെസ്റ്റ് കാണാനായി എത്തിയത് 93,442 ആരാധകര്‍.
ഇതോടെ പുതിയ റെക്കോര്‍ഡും മെല്‍ബണില്‍ സ്ഥാപിക്കപ്പെട്ടു. ഒരു ക്രിക്കറ്റ് മത്സരം നേരില്‍ കാണാനായി ഈ സ്റ്റേഡിയത്തില്‍ എത്തുന്ന കാണികളുടെ എണ്ണത്തിന്റെ റെക്കോര്‍ഡും നാലാം ടെസ്റ്റ് സ്വന്തമാക്കി. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിൽ ഇതിനു മുന്‍പ് ഏറ്റവും കൂടുതല്‍ കാണികള്‍ കണ്ട മത്സരം 2015ലെ ഏകദിന ലോകകപ്പ് പോരാട്ടത്തിലെ ഓസ്ട്രേലിയ- ന്യൂസിലന്‍ഡ് ഫൈനല്‍ മത്സരമായിരുന്നു. അന്ന് അയല്‍ക്കാര്‍ തമ്മിലുള്ള ലോകകപ്പ് കലാശപ്പോര് നേരില്‍ കാണാനായി തടിച്ചു കൂടിയത് 93,013 ആരാധകരാണ്. 100,024 പേരെ ഉള്‍ക്കൊള്ളാന്‍ കെല്‍പ്പുള്ള സ്റ്റേഡിയമാണ് മെല്‍ബണിലേത്.
തടിച്ചു കൂടിയ ആരാധകരെ നിരാശരാക്കാത്ത ബൗളിങാണ് ഇരു ടീമുകളും പുറത്തെടുത്തത്. മെല്‍ബണ്‍ ബോക്സിങ് ഡേ ടെസ്റ്റിന്റെ ആദ്യ ദിനത്തില്‍ 20 വിക്കറ്റുകളും നിലംപൊത്തി. ഇരു ടീമുകളിലേയും പേസര്‍മാരുടെ മികവാണ് ആദ്യ ദിനത്തില്‍ മെല്‍ബണ്‍ കണ്ടത്.
ഓസ്ട്രേലിയയെ 152 റണ്‍സില്‍ ഓള് ഔട്ടാക്കി ഒന്നാം ഇന്നിങ്സ് ബാറ്റിങ് തുടങ്ങിയ ഇംഗ്ലണ്ടിന്റെ ബാറ്റിങ് അതിലും ദയനീയമായിരുന്നു. അവരുടെ ഒന്നാം ഇന്നിങ്സ് പോരാട്ടം വെറും 110 റണ്‍സില്‍ അവസാനിച്ചു.












