വിനേഷ് ഫോഗട്ടിനെ തെറി വിളിച്ച് സംഘപരിവാർ അനുകൂലികൾ; കൂടെ നിന്ന് ജനം ടിവിയും
ഒളിമ്ബിക്സ് ഗുസ്തിയില്‍ ഫൈനലില്‍ പ്രവേശിക്കുന്ന ആദ്യ വനിതാ താരമെന്ന ചരിത്രമെഴുതിയതിന് പിന്നാലെ അമിത ഭാരത്തിന്റെ പേരില്‍ അയോഗ്യത കല്‍പ്പിക്കപ്പെട്ട വിനേഷ് ഫോഗട്ടിനെ സോഷ്യല്‍ മീഡിയയില്‍ തെറിവിളിക്കുകയാണ് ചില സംഘപരിവാര്‍ പ്രൊഫൈലുകള്‍.
ബിജെപിയിലെ ചിലരുടെ കണ്ണിലെ കരടായ വിനേഷ് ഫോഗട്ടിന് മെഡല്‍ നഷ്ടമാകുമെന്ന വാര്‍ത്ത പുറത്തുവന്നതോടെ സംഘപരിവാര്‍ പ്രൊഫൈലുകള്‍ അവരുടെ ആഘോഷം ആരംഭിച്ചിരുന്നു.
വനിതാ താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ ബിജെപി നേതാവും മുന്‍ അഖിലേന്ത്യാ ഗുസ്തി ഫെഡറേഷന് പ്രസിഡന്റുമായിരുന്ന ബ്രിജ്ഭൂഷണ് സിങ്ങിനെതിരെ ഡല്‍ഹിയിലെ തെരുവില്‍ സമരം നയിച്ചതാണ് വിനേഷ് ഫോഗാട്ട് സംഘപരിവാറിന്റെ ശത്രുവായി മാറാന്‍ കാരണം. ഗുസ്തി ഫെഡറേഷൻ തലപ്പത്ത് ഇപ്പോളും ബ്രിജ്ഭൂഷണിന്റെ അനുയായികൾ ഉള്ളതുകൊണ്ട് വിനേഷിന്റെ ഈ പുറത്താകലില്‍ ഗൂഢാലോചന ആരോപിക്കുന്നവരും ഒട്ടേറെ പേരാണ്.
ഒരു സംഘപരിവാർ അനുകൂലി എഴുതിയത് നോക്കുക – വിനേഷ് ഫോഗട്ടിന് മുൻപും ഇത്തരം തിരിച്ചടികൾ നേരിട്ടിട്ടുണ്ട്. 2016 ഒളിമ്പിക്സിൽ പോലും അവളുടെ ഭാര പരിധിക്ക് താഴെ മത്സരിക്കാൻ ശ്രമിച്ചതിന് ഇവളെ അയോഗ്യയാക്കിയിരുന്നു. അപ്പോൾ അവൾ ഒരു പാഠം പഠിക്കേണ്ടതായിരുന്നു, പക്ഷെ പഠിച്ചില്ല.
ഇവളുടെ സ്വാഭാവിക ശരീരഭാരം 57 കിലോയാണ്. അവൾ ആ വിഭാഗത്തിൽ മത്സരിക്കണമായിരുന്നു.
എന്നാൽ ഭാരം കുറഞ്ഞ എതിരാളിയെ പരാജയപ്പെടുത്തുന്നത് എളുപ്പമായതിനാൽ അവൾ എളുപ്പവഴി സ്വീകരിച്ചു, കുറഞ്ഞ ഭാരമുള്ള വിഭാഗം തിരഞ്ഞെടുത്തു. – ഇതിലും മോശമായ അശ്ലീലം കലർന്ന ഭാഷയിലും ഇയാൾ വിനീഷിനെ ചീത്ത വിളിക്കുന്നുണ്ട്.
കേരളത്തിലെ സംഘപരിവാർ അനുകൂല ചാനലായ ജനം ടിവിയും ഇക്കാര്യത്തിൽ പുറകോട്ട് പോയില്ല. വിനേഷ് ഫോഗാട്ട് എന്നതിനെ വിനേഷ് ഔട്ട് എന്ന് കാണിച്ചാണ് അവർ പോസ്റ്റർ ഇറക്കിയത്. ബിജെപി അനുഭാവികളിൽ പലരും ഈ പോസ്റ്റർ ആഘോഷിക്കുകയും ചെയ്തു. നമ്മുടെ രാജ്യത്തിൻറെ അഭിമാന താരം 100 തൂക്കത്തിന്റെ പേരിൽ യോഗ്യത നേടിയില്ല എന്നത് അവർക്ക് ഒരു വിഷയമല്ല. ലൈംഗിക പീഡന വിഷയത്തിൽ തങ്ങളുടെ നേതാവിനെതിരെ പരസ്യമായി രംഗത്ത് വന്ന ഒരു വനിതാ കായിക താരത്തെ ഏതുവിധത്തിലും അപമാനിക്കുക എന്നത് മാത്രമാണ് അവരുടെ ലക്ഷ്യം.
അതേസമയം, അയോഗ്യയാക്കപ്പെട്ടതിന് പിന്നാലെ ദേശീയ ഗുസ്തി ഫെഡറേഷനെതിരെ കൂടുതല്‍ ആരോപണങ്ങളുമായി താരം രംഗത്ത് വരികയും ചെയ്തു. തന്റെ കാര്യത്തില്‍ ഗെയിംസ് വില്ലേജില്‍ എത്തി അനാവശ്യ ഇടപെടല്‍ നടത്തുകയാണ് ഗുസ്തി ഫെഡറേഷനെന്ന് ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചിരിക്കുകയാണ് താരം ഇപ്പോള്‍. ഫെഡറേഷന് പ്രസിഡന്റ് സഞ്ജയ് സിംഗ് വില്ലേജിലെത്തി തന്റെ കാര്യത്തില്‍ അനാവശ്യമായി ഇടപെടുന്നുവെന്നാണ് താരത്തിന്റെ പരാതി. സഞ്ജയ് സിങ് എന്ന വ്യക്തി ബ്രിജ് ഭൂഷണ്റ്റെ അടുത്ത അനുയായിയും കൂടിയാണ് എന്നതും ഈയവസരത്തിൽ ഓർക്കേണ്ടതുണ്ട്.