സാം കോൺസ്റ്റാസിന്റെ ദേഹത്തിടിച്ചു, വിരാട് കോലിക്ക് പിഴ ശിക്ഷ
ഇന്ത്യൻ ക്രിക്കറ്റർ വിരാട് കോലിക്ക് പിഴ ശിക്ഷ. മെൽബൺ ടെസ്റ്റിൽ ഓസ്ട്രേലിയൻ താരം സാം കോൺസ്റ്റാസിന്റെ ദേഹത്തിടിച്ചതിനാണ് വിരാട് കോലിക്ക് ശിക്ഷ കിട്ടിയത്. മാച്ച് ഫീയുടെ 20 ശതമാനം പിഴ ചുമത്തിയിരിക്കുകയാണ് ഐസിസി. വിക്കറ്റുകൾക്കിടയിൽ നടക്കുകയായിരുന്ന സാം കോൺസ്റ്റാസിന്റെ ചുമലിൽ വിരാട് ഷോൾഡർ കൊണ്ട് ശക്തമായി തട്ടുകയായിരുന്നു.
എന്നാൽ ഇത് ഓസ്ട്രേലിയൻ യുവതാരത്തെ പ്രകോപിപ്പിച്ചു. താരം കോലിയോട് രൂക്ഷമായ ഭാഷയിൽ സംസാരിക്കുകയും ചെയ്തു. അമ്പയറും ഖവാജയും ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. എന്നാൽ പിന്നീട് ഏകദിന ശൈലിയിൽ ബാറ്റ് വീശിയ കോൺസ്റ്റാസ് പരമ്പരയിൽ ഇത് വരെ ഓസീസിന് ലഭിക്കാത്ത മികച്ച തുടക്കമാണ് നൽകിയത്. 65 പന്തിൽ രണ്ട് സിക്സറുകളും നാല് ഫോറുകളും അടക്കം 60 റൺസ് നേടി പുറത്തായ താരം ഇന്ത്യയുടെ സ്റ്റാർ പേസർ ബുംമ്രയ്ക്കെതിരെ രണ്ട് സിക്സറുകൾ പറത്തി.
കഴിഞ്ഞ മൂന്ന് വർഷമായി ടെസ്റ്റിൽ സിക്സർ വഴങ്ങാത്ത താരമാണ് ബുംമ്ര.ബുംമ്രയ്ക്കെതിരെ ഒരോവറിൽ 18 റൺസ് ചേർക്കാനും കോൺസ്റ്റാസിനായി. അതേസമയം നാലാം ടെസ്റ്റായ മെൽബണിലെ ബോക്സിങ് ഡേ ടെസ്റ്റിന്റെ ഒന്നാം ദിനം അവസാനിച്ചപ്പോൾ ഓസ്ട്രേലിയ ആറിന് 311 എന്ന ശക്തമായ നിലയിലാണ്.