വിന്‍ഡീസ് ഇതിഹാസം ബെര്‍ണാഡ് ജൂലിയന്‍ അന്തരിച്ചു

മുന്‍ വെസ്റ്റ് ഇന്‍ഡീസ് ഓള് റൗണ്ടറും 1975 ലെ ആദ്യ ഏകദിന ലോകകപ്പ് കിരീടം നേടിയ കരീബിയന്‍ സംഘത്തിലെ അംഗവുമായിരുന്ന ഇതിഹാസ താരം ബെര്‍ണാഡ് ജൂലിയന്‍ അന്തരിച്ചു. 75 വയസായിരുന്നു. വടക്കന്‍ ട്രിനിഡാഡിലെ വല്‍സിന്‍ ടൗണില്‍ വച്ചാണ് അന്ത്യം.
വിന്‍ഡീസ് ആദ്യ ലോകകപ്പ് നേടിയതിന്റെ 50ാം വര്‍ഷത്തിലാണ് അദ്ദേഹം ജീവിതത്തോട് വിട പറഞ്ഞത് എന്നതു യാദൃശ്ചികതയായി. ആദ്യത്തെ ലോകകപ്പില്‍ മികച്ച ബൗളിങ് പ്രകടനങ്ങള്‍ നടത്തിയ താരം കൂടിയാണ് ബെര്‍ണാഡ് ജൂലിയന്‍.
ഗ്രൂപ്പ് ഘട്ടത്തില്‍ ശ്രീലങ്കക്കെതിരെ 20 റണ്‍സ് വഴങ്ങി 4 വിക്കറ്റുകള്‍ വീഴ്ത്തിയ അദ്ദേഹം സെമിയില്‍ ന്യൂസിലന്‍ഡിനെതിരെ 27 റണ്‍സ് വഴങ്ങിയും 4 വിക്കറ്റുകള്‍ വീഴ്ത്തി തിളങ്ങിയിരുന്നു. എന്നാൽ ഫൈനലില്‍ ബാറ്റ് കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ സംഭവാന. കലാശപ്പോരാട്ടത്തില്‍ ബാറ്റിങിനു ഇറങ്ങി അതിവേഗം റണ്‍സടിച്ച് അദ്ദേഹം ടീമിനു നിര്‍ണായക സംഭവാന നല്കി. 26 പന്തില്‍ 37 റണ്‍സാണ് ബെര്‍ണാഡ് അടിച്ചത്.
നിര്‍ഭയനായി കളത്തില്‍ വാണ ഓള് റൗണ്ടറെന്ന ഖ്യാതിയായിരുന്നു അദ്ദേഹത്തിന്. ഇടംകൈയന്‍ സീമറും അറ്റാക്കിങ് ബാറ്ററും ഊര്‍ജ്ജസ്വലനായ ഫീല്‍ഡറുമായി സമസ്ത മേഖലയിലും അദ്ദേഹം തന്റെ കൈയൊപ്പു പതിപ്പിച്ചു. കളത്തില്‍ 100 ശതമാനവും അര്‍പ്പിക്കുന്ന പോരാളിയായ താരമായിരുന്നു ബെര്‍ണാഡെന്നു വിന്‍ഡീസ് പ്രഥമ ലോകകപ്പുയര്‍ത്തുമ്പോള്‍ ടീമിനെ നയിച്ച ഇതിഹാസ താരം ക്ലൈവ് ലോയ്ഡ് അനുസ്മരിച്ചു.
വിന്‍ഡീസിനായി 24 ടെസ്റ്റുകളും 12 ഏകദിന മത്സരങ്ങളും കളിച്ചു. 866 റണ്‍സും 50 വിക്കറ്റുകളും റെഡ് ബോള്‍ ഫോര്‍മാറ്റില്‍ സ്വന്തമാക്കി. ഏകദിനത്തില്‍ 86 റണ്‍സും 18 വിക്കറ്റുകളുമാണ് സമ്പാദ്യം.