യുപിയിലെ സ്റ്റേറ്റ് ബാങ്കില്‍ കാള; 15 ലക്ഷം വാങ്ങാൻ വന്നതാണെന്ന് അഖിലേഷ് യാദവിന്റെ പരിഹാസം
എസ്ബിഐ ശാഖയിലേക്ക് അപ്രതീക്ഷിതമായി എത്തിയ കാള ആളുകളില്‍ പരിഭ്രാന്തി പടര്‍ത്തി. ഉത്തര്‍പ്രദേശിലെ ഉന്നാവോ ജില്ലയിലെ എസ്ബിഐ ശാഖയിലേക്ക് കയറിയ കാളയുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്.
ബാങ്കിലെ ജീവനക്കാരും ബാങ്കിലെത്തിയ ഇടപാടുകരും അതിഥിയെ കണ്ട് ഭയന്നു. ബാങ്കിലെ സുരക്ഷാ ഉദ്യോഗസ്ഥൻ കാളയെ ഓടിക്കാൻ പല വഴികളും ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം.
15 ലക്ഷം രൂപ ലഭിക്കുമെന്ന വാര്‍ത്തയറിഞ്ഞു വന്നതാണ് കാളയെന്ന് വീഡിയോ പങ്ക് വച്ചുകൊണ്ട് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് പറഞ്ഞു. അധികാരത്തിലെത്തിയാല്‍ ഓരോ വ്യക്തിയുടെയും ബാങ്ക് അക്കൗണ്ടുകളില്‍ 15 ലക്ഷം രൂപ നിക്ഷേപിക്കും എന്ന ബിജെപിയുടെ വാഗ്ദാനത്തെ മുൻ നിര്‍ത്തിയായിരുന്നു അഖിലേഷ് യാദവിന്റെ പരിഹാസം.