ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിലും വിവാദമായി പ്രതിപക്ഷ വോട്ട് ചോർച്ച

രാഷ്ട്രപതി തെരഞ്ഞെടുപ്പിന് പിന്നാലെ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിലും വിവാദമായി പ്രതിപക്ഷ വോട്ട് ചോർച്ച. പ്രതീക്ഷിച്ച വോട്ടുകൾ ലഭിക്കാത്തതിൽ പ്രതിപക്ഷ സ്ഥാനാർഥി മാർഗരറ്റ് ആൽവ തന്നെ അതൃപ്തി വ്യക്തമാക്കി രംഗത്തെത്തിയിരുന്നു. കണക്ക് പ്രകാരം ലഭിക്കേണ്ട വോട്ട് പോലും പ്രതിപക്ഷ പാർട്ടികളുടെ സംയുക്ത സ്ഥാനാർഥിയായ മാർഗരറ്റ് ആൽവയക്ക് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ലഭിച്ചിരുന്നില്ല. പരാജയം ഉറപ്പായിരുന്നു എങ്കിലും പ്രതിപക്ഷത്തെ പരമാവധി ഏകോപിപ്പിക്കാൻ ഉള്ള ശ്രമം കൂടിയായിരുന്നു മാർഗരറ്റ് ആൽ വയുടെ സ്ഥാനാർഥിത്വം. എന്നാൽ 36 എംപിമാർ ഉള്ള തൃണമൂൽ കോൺഗ്രസ് തെരഞ്ഞെടുപ്പിൽ വിട്ട് നിന്നതും വൈഎസ്ആർ കോൺഗ്രസ്, ശിരോമണി അകാലിദൾ, ബിഎസ്പി തുടങ്ങിയ പാർട്ടികൾ എൻഡിഎ സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്തതും പ്രതിപക്ഷത്ത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
2024 ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി പ്രതിപക്ഷ ഐക്യനിര കെട്ടിപ്പടുക്കാനുള്ള ശ്രമത്തിനാണ് ഇത് തിരിച്ചടിയായത്. ജഗ്ദീപ് ധൻഘഡിന് വോട്ട് രേഖപ്പെടുത്തിയ പ്രതിപക്ഷ പാർട്ടികളെയും മാർഗരറ്റ് ആൽവ വിമർശിച്ചു. ഈ പാർട്ടികൾ ഇല്ലാതാക്കിയത് സ്വന്തം വിശ്വാസ്യതയാണെന്നായിരുന്നു ആൽവയുടെ വിമർശനം. ചിന്തൻശിബിരിന് പിന്നാലെയാണ് പ്രതിപക്ഷത്തെ വലുതും ചെറുതുമായ പാർട്ടികളെ ഏകോപിപ്പിക്കാൻ കോൺഗ്രസ് ശ്രമം ആരംഭിച്ചത്. അതിനു ശേഷം നടന്ന രാഷ്ട്രപതി – ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ഉണ്ടായ വോട്ട് ചോർച്ച ഇനി നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലും പ്രതിഫലിക്കുമോ എന്ന ആശങ്ക കോൺഗ്രസിനും ഉണ്ട്.
രാജ്യത്തിന്റെ 14-ാമത് ഉപരാഷ്ട്രപതിയാണ് ജഗദീപ് ധൻഘർ. 725 എംപിമാരാണ് വോട്ട് രേഖപ്പെടുത്തിയത്. നേരത്തെ പ്രഖ്യാപിച്ചു പ്രകാരം 34 തൃണമൂൽ എംപിമാർ വോട്ടെടുപ്പ് ബഹിഷ്കരിച്ചു. ബംഗാൾ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയുടെ പിതാവ് ശിശിർ അധികാരിയും സഹോദരൻ ദിബ്യേന്ദു അധികാരിയും വോട്ട് ചെയ്തിട്ടുണ്ട്.
ജഗ്ദീപ് ധൻഘറിന് 528 വോട്ടുകൾ ലഭിച്ചപ്പോൾ പ്രതിപക്ഷ സ്ഥാനാർഥിയായ മാർഗരറ്റ് ആൽവക്ക് 182 വോട്ടുകൾ മാത്രമാണ് നേടാനായത്. പ്രതിപക്ഷനിരയിലെ പലരും ക്രോസ് വോട്ടിങ് നടത്തിയെന്നത് വ്യക്തമായതോടെയാണ് മാർഗരറ്റ് ആൽവ അതൃപ്തിയറിയിച്ചത്. രാഷ്ട്രപതി തെരഞ്ഞെടുപ്പിലും എൻഡിഎ സ്ഥാനാർഥിയായിരുന്ന ദ്രൗപദി മുർമുവിന് അനുകൂലമായി പ്രതിപക്ഷത്തുനിന്ന് വോട്ട് ചോർന്നിരുന്നു.