സിപിഎം തിരുത്തല്‍ പേഴ്സണല്‍ സ്റ്റാഫിനും; എല്ലാ മന്ത്രിമാരുടെയും പേഴ്സണല്‍ സ്റ്റാഫിന്റെ യോഗം വിളിക്കും
മന്ത്രിമാര്‍ക്ക് പോരായ്മയുണ്ടായെന്ന സിപിഎം വിലയിരുത്തലിനു പിന്നാലെയുണ്ടാകുന്ന തിരുത്തല്‍ പേഴ്സണല്‍ സ്റ്റാഫിനും. മന്ത്രിമാര്‍ക്കുണ്ടായ പോരായ്മ പേഴ്സണല്‍ സ്റ്റാഫിലേക്കും പടര്‍ന്നിട്ടുണ്ടെന്നാണ് പാര്‍ട്ടി വിലയിരുത്തുന്നത്. ഇത് പരിഹരിക്കാന്‍ മന്ത്രിമാര്‍ക്ക് നല്കുന്ന മാര്‍ഗ്ഗനിര്‍ദേശം പേഴ്സണല്‍ സ്റ്റാഫിനും നല്‍കാനൊരുങ്ങുകയാണ് പാര്‍ട്ടി. പേഴ്സണല്‍ സ്റ്റാഫിന്റെ വീഴ്ചകള്‍ മന്ത്രിമാരുടെ ഓഫീസിന്റെ പോരായ്മയായി മാറിയെന്നാണ് വിലയിരുത്തല്‍.
തിരുത്തല്‍ നടപടികളുടെ ഭാഗമായി എല്ലാ മന്ത്രിമാരുടെയും പേഴ്സണല്‍ സ്റ്റാഫിന്റെ യോഗം വിളിച്ചു ചേര്‍ക്കും. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലായിരിക്കും യോഗം. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും യോഗത്തില്‍ പങ്കെടുക്കും. സര്‍ക്കാര്‍ പ്രവര്‍ത്തനത്തിനായി പാര്‍ട്ടി തയ്യാറാക്കിയ മാര്‍ഗ്ഗരേഖ പാലിക്കപ്പെടുന്നില്ലെന്ന വിമര്‍ശനമാണ് സിപിഎം നേതൃയോഗത്തില്‍ ഉയര്‍ന്നത്. മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന ആഭ്യന്തര വകുപ്പ് ഉള്‍പ്പെടെ വിമര്‍ശനത്തിന് വിധേയമായിരുന്നു.
സര്‍ക്കാരിനെതിരായ വിമര്‍ശനം അംഗീകരിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. പറയുന്നത്ര പ്രശ്നമില്ലെങ്കിലും പ്രതീക്ഷയ്ക്കൊത്ത് ഉയരണം. മന്ത്രിമാര്‍ ജാഗ്രത കാണിക്കണം. കഴിഞ്ഞ സര്‍ക്കാരും മികച്ച നിലയിലെത്തിയത് രണ്ടു വര്‍ഷം പിന്നിട്ട ശേഷമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.