സൈറസ് മിസ്ത്രി കൊല്ലപ്പെട്ട അപകടത്തിന് കാരണം അമിത വേഗത; 20 കിലോമീറ്റര് താണ്ടിയത് 9 മിനിറ്റില്, കാറോടിച്ചത് വനിതാ ഡോക്ടര്
ടാറ്റ സണ്സ് ഗ്രൂപ്പ് മുന് ചെയര്മാന് സൈറസ് മിസ്ത്രി കൊല്ലപ്പെട്ട അപകടത്തിന് കാരണമായത് കാറിന്റെ അമിത വേഗതയെന്ന് പോലീസ്. 20 കിലോമീറ്റര് വെറും 9 മിനിറ്റുകൊണ്ടാണ് കാര് താണ്ടിയതെന്ന് പോലീസ് വ്യക്തമാക്കി. കൊല്ലപ്പെട്ട സൈറസ് മിസ്ത്രിയും ജഹാംഗീര് പണ്ഡോലെയും പിന്സീറ്റിലായിരുന്നു ഇരുന്നത്. ഇരുവരും സീറ്റ് ബെല്റ്റ് ധരിച്ചിരുന്നില്ല. ജഹാംഗീറിന്റെ സഹോദരന് ഡാരിയസ് പണ്ഡോലെയുടെ ഭാര്യയും ഗൈനക്കോളജിസ്റ്റുമായ ഡോ. അനാഹിത പണ്ഡോലെയാണ് കാര് ഓടിച്ചിരുന്നത്. അനാഹിതയും മുന്സീറ്റിലിരുന്ന ഡാരിയസും ചികിത്സയിലാണ്.
ഗുജറാത്ത്-മഹാരാഷ്ട്ര അതിര്ത്തിയിലെ പാല്ഘറിന് സമീപം ചരോട്ടിയിലാണ് അപകടമുണ്ടായത്. ഇടതു വശത്തുകൂടി മറ്റൊരു കാറിനെ ഓവര്ടേക്ക് ചെയ്യാന് ശ്രമിക്കുന്നതിനിടെ സൂര്യ നദിക്കു കുറുകെയുള്ള പാലത്തിന്റെ കൈവരിയില് കാര് ഇടിക്കുകയായിരുന്നു. മുംബൈ ബ്രീച്ച് കാന്ഡി ആശുപത്രിയിലെ ഡോക്ടറാണ് അനാഹിത. തലയിലേറ്റ ക്ഷതമാണ് സൈറസ് മിസ്ത്രിയുടെ മരണകാരണമെന്ന് ഡോക്ടര്മാര് അറിയിച്ചു.
സിസിടിവി ദൃശ്യങ്ങളില് നിന്നാണ് കാറിന്റെ അമിത വേഗത പോലീസ് സ്ഥിരീകരിച്ചത്. ചരോട്ടി ചെക്ക് പോസ്റ്റിലെ സിസിടിവി ക്യാമറയില് ഉച്ചയ്ക്ക് 2.21ന് കാറിന്റെ ദൃശ്യങ്ങള് പതിഞ്ഞിരുന്നു. 2.30ന് 20 കിലോമീറ്റര് അകലെയുള്ള സ്ഥലത്ത് അപകടമുണ്ടാകുകയായിരുന്നു.